ഇസ്‍ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ. ഇമ്രാൻ ഖാൻ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് ജയിൽ അധികൃതർ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന യാതൊരു സംഭവവും ഉണ്ടായിട്ടില്ലെന്നും, കൃത്യമായ പരിചരണത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും ജയിൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അദിയാല ജയിലിൽ നിന്ന് ഇംറാൻ ഖാനെ മാറ്റിയെന്ന വാർത്തകൾക്ക് ഒരടിസ്ഥാനവുമില്ലെന്നും ജയിൽഅധികൃതര്‍ പറഞ്ഞു.
ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ സന്ദർശിക്കുന്നതിന് സഹോദരിമാർക്ക് അനുമതി നിഷേധിച്ചു എന്ന ആരോപണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ഇമ്രാൻ ഖാൻ ദുരൂഹമായി കൊല്ലപ്പെട്ടു എന്നും അദ്ദേഹത്തിന്റെ മൃതദേഹം ജയിലിൽ നിന്ന് മാറ്റിയെന്നും അഫ്ഗാനിസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്തതോടെ അഭ്യൂഹങ്ങൾ ശക്തമായി.
അതേസമയം ഇംറാൻ ഖാനെ കാണാനായി പ്രതിഷേധം നടത്തിയ സഹോദരിമാർക്ക് ജയിൽ അധികൃതർ അനുമതി നൽകിയതായും റിപ്പോർട്ടുണ്ട്. ഒരു മാസമായി കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇംറാനെ കാണാൻ അനുമതി ലഭിച്ചിരുന്നില്ല. അനുമതി നിഷേധിച്ചതിനെ തുടർന്ന്, കഴിഞ്ഞയാഴ്ച സഹോദരിമാർ പാർട്ടി പ്രവർത്തകർക്കൊപ്പം അദ്ദേഹം തടവിൽ കഴിയുന്ന അദിയാല ജയിലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. സഹോദരിമാരായ നൗറീൻ നിയാസി, അലീമ ഖാൻ, ഡോ. ഉസ്മ ഖാൻ എന്നിവർക്ക് പോലീസ് മർദനമേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഇംറാൻ ഖാൻ അദിയാല ജയിലിൽ കൊല്ലപ്പെട്ടതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
മെയ് മാസത്തിലും ഇത്തരം പ്രചരണങ്ങളുണ്ടായിരുന്നു. ഇമ്രാൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചുവെന്ന് അവകാശപ്പെടുന്ന പാക് സർക്കാരിന്റെ രേഖയായിരുന്നു പുറത്തുവന്നത്. പിന്നീട് ഈ രേഖ വ്യാജമാണെന്ന് പാക് അധികൃതർ വ്യക്തമാക്കി.
SUMMARY: Imran Khan is completely healthy, Adiala Jail authorities deny death reports













