ഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി നീണ്ടുനിന്ന വ്യോമയാന പ്രതിസന്ധിക്ക് ഒടുവില്‍ ഇതുവരെ 827 കോടി രൂപ റീഫണ്ട് നല്‍കി ഇന്‍ഡിഗോ. 4500 ബാഗേജുകളും തിരികെ നല്‍കി. അവശേഷിക്കുന്ന ബാഗേജുകള്‍ 36 മണിക്കൂറില്‍ മടക്കി നല്‍കും.1,802 സര്‍വീസുകള്‍ ഇന്ന് നടത്തും. 500 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.
സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ ഓഹരി നേരിട്ടത് കനത്ത തകര്‍ച്ച. തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ മാത്രം ഓഹരി വിലയില്‍ 10 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ആറു ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് 37,000 കോടി രൂപ. ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതും സര്‍വീസുകള്‍ തുടര്‍ന്നും വൈകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
വ്യവസ്ഥകള്‍ പ്രകാരം ഡ്യൂട്ടി സമയത്തോടൊപ്പം ജീവനക്കാരെയും ക്രമീകരിക്കുന്നതില്‍ സംഭവിച്ച പിഴവുകളാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഡിജിസിഎ ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിദിനം 2,300 വിമാന സര്‍വീസുകള്‍ നടത്തുന്ന ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 65 ശതമാനത്തോളം നിയന്ത്രിക്കുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍ ശനിയാഴ്ച 1,500ലധികം വിമാനങ്ങളുടെയും ഞായറാഴ്ച 1,650ഓളം വിമാനങ്ങളുടെയും സര്‍വീസ് പുനരാരംഭിച്ചു.
SUMMARY: IndiGo crisis; Refunds of Rs 827 crore have been given so far














