ടോക്യോ: ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു. കഴിഞ്ഞ ജൂലൈ മാസത്തില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വിയെ തുടര്‍ന്നാണ് തീരുമാനം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഭരണകക്ഷിയില്‍ തന്നെ പിളര്‍പ്പിനുള്ള സാധ്യത ഉണ്ടായത് പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രാജി.
എല്‍ഡിപിയാണ് ജപ്പാനെ ഏഴ് പതിറ്റാണ്ടുകളോളമായി ഭരിച്ചുവരുന്നത്. സഭയിലേക്കുള്ള ഒരു നിര്‍ണായക തിരഞ്ഞെടുപ്പില്‍ എല്‍ഡിപി 15 വര്‍ഷത്തിലാദ്യമായി തോല്‍വി ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയുയര്‍ന്നത് അതിരൂക്ഷ വിമര്‍ശനമായിരുന്നു. പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തരായ എംപിമാര്‍ ഷിഗെരുവിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നേക്കുമെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത്തരമൊരു സാഹചര്യത്തെ ഒഴിവാക്കാന്‍ ജപ്പനീസ് മുന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗയയ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ ഷിഗെരുവുമായി നേരിട്ട് സംസാരിക്കുകയും സ്വമേധയാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അമേരിക്കയുടെ അധികച്ചുങ്കനയത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാന്‍- അമേരിക്ക സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി വരുന്നതിനിടെ കൂടിയാണ് പ്രധാനമന്ത്രിയുടെ രാജി.
കഴിഞ്ഞ ആഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജാപ്പനീസ് കാറുകളുടെ തീരുവ 27.5% ല്‍ നിന്ന് 15% ആയി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് പ്രതിസന്ധിയിലായ ജപ്പാന് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ഇതാണ് രാജിവച്ചൊഴിയാന്‍ അനുയോജ്യമായ സമയമെന്ന് താന്‍ കരുതുന്നതായും ഷിഗെരു ഇഷിബ മാധ്യമങ്ങളോട് പറഞ്ഞു.
SUMMARY: Japanese Prime Minister Shigeru Ishiba resigns