ആലപ്പുഴ: ദാദാ സാഹിബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച ‘മലയാളം വാനോളം ലാൽ സലാം’ പരിപാടിക്കെതിരെ വിമർശനവുമായി നടനും അമ്മ വൈസ് പ്രസിഡന്റുമായ ജയൻ ചേർത്തല. ‘ലാൽ സലാം’ എന്ന് പേരിട്ടതിന് പിന്നില്‍ ആ പാർട്ടിയുടെ തത്ത്വങ്ങളുമായി ചേർത്തു കൊണ്ടുപോകാൻ സാധിക്കും എന്ന അതിബുദ്ധിയാണെന്നാണ് വിമർശനം. ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടൻ.
‘പരിപാടി പ്ലാൻ ചെയ്യുമ്പോൾ ലാൽ സലാം എന്ന് പേരിട്ട് കഴിഞ്ഞാൽ അതിന് ആ പാര്‍ട്ടിയുടെ തത്വങ്ങളുമായി ചേർത്തുകൊണ്ടുപോകാൻ കഴിയുമെന്ന അതിബുദ്ധിയാണ്. മുൻ കാലങ്ങളിലൊന്നും കലയെയും കലാകാരന്മാരെയും ചേർത്തുനിർത്തുമ്പോൾ രാഷ്ട്രീപ്രസ്ഥാനങ്ങൾക്ക് ഇത്ര കണ്ട് കൂർമബുദ്ധിയോടെ ചിന്തിച്ചെടുക്കാൻ സാധിച്ചിട്ടില്ല. ഇതിനൊരു മാറ്റം വന്നത് അടുത്ത കാലത്താണ്. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന കാലം തൊട്ടാണ് ഇന്ത്യയുടെ സാംസ്കാരിക കാഴ്ചപ്പാടുകൾക്ക് മാറ്റം സംഭവിച്ചത്. എനിക്കതിനോട് ചേർച്ചയില്ല.
‘ദേശീയ അവാർഡിൽ ഒരാളെ മികച്ച നടനായി തീരുമാനിക്കുമ്പോൾ അദ്ദേഹം ഒരു മുസ്ലിമായതിന്‍റെ പേരുപറഞ്ഞ് അവാർഡ് ദാന ചടങ്ങിൽനിന്ന് മാറി നിൽക്കുകയാണ്. അവർ ചിന്തിക്കുന്നത് കലാകാരന്മാരെ അംഗീകരിക്കാനോ സാംസ്കാരിക മേഖലയെ പുഷ്ടിപ്പെടുത്താനോ അല്ല, മറിച്ച് അവരുടെ രാഷ്ട്രീയം നടപ്പിലാക്കാൻ വേണ്ടിയാണ്.’ -ജയൻ ചേർത്തല പറഞ്ഞു.
കേരളത്തിലെ എൽഡിഎഫ് സർക്കാർ എവിടെ പരിപാടി സംഘടിപ്പിച്ചാലും ഏറ്റവും കൂടുതൽ സ്റ്റേജിൽ കാണുന്നത് സിനിമാ നടന്മാരെയാണെന്നും ജയന്‍ ചേർത്തല പറഞ്ഞു. കേന്ദ്ര സർക്കാരും ഇതുതന്നെയാണ് ചെയ്യുന്നത്. ഇവർ അനുഷ്ഠിച്ചു വരുന്ന ഒരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. മുൻകാലങ്ങളിൽ ഒന്നും കലയെയോ കലാകാരന്മാരെയോ ചേർത്തുവയ്ക്കുന്ന പ്രസ്ഥാനങ്ങൾ ഇത്ര ശക്തിയായി ഇത് ചെയ്തിരുന്നില്ലെന്നും ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനും ശേഷമാണ് ഈ മാറ്റമെന്നും ജയന്‍ ചേർത്തല കൂട്ടിച്ചേർത്തു.
ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ ചരിത്രം വളച്ചൊടിച്ചു. കൊച്ചിയിലെ മഹാരാജാസ് കോളേജില് നടന്ന സംഭവമാണ്. അവിടെയുണ്ടായിരുന്ന കെഎസ്‌യു പ്രവര്‍ത്തകന് ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനമായിരുന്ന എസ്എഫ്‌ഐയില്‍ നിന്ന് ഏറ്റ തിരിച്ചടിയുടെ കഥ വർണിക്കുന്ന സിനിമയായിരുന്നു ഒരു മെക്സിക്കൻ അപാരത. കേരളം ഭരിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്. അക്രമാസക്തരായ വിദ്യാർഥി പ്രസ്ഥാനങ്ങള്‍ പുറത്തുനില്‍ക്കുന്നുണ്ട്, അതുകൊണ്ട് കോണ്‍ഗ്രസിനെ വില്ലനാക്കാം എന്ന് അവര്‍ കൂര്‍മബുദ്ധിയില്‍ ചിന്തിച്ചു. എന്ത് നടന്നോ സിനിമയില്‍ അത് നേരെ മറിച്ചിട്ടു. ജനങ്ങളുടെ മുന്നില്‍ സത്യവിരുദ്ധമായ കാര്യമാണ് എത്തിയത്’- ജയൻ ചേർത്തല പറഞ്ഞു.
SUMMARY: Jayan Cherthala criticizes the ceremony honoring Mohanlal