കോട്ടയം: പാലാ രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകനാണ് (55) മരിച്ചത്. എൺപത്തഞ്ച് ശതമാനം പൊള്ളലേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അശോകൻ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ഉമാദേവി (പാലക്കാട് തത്തമംഗലം അനുഗ്രഹയിൽ കുടുംബാംഗം) മക്കൾ: അമൽ കൃഷ്ണ, അനന്യകൃഷ്ണ.
ഇന്നലെ രാവിലെ 10 മണിയോടെയാണ് ഇളംതുരുത്തിയിൽ ഹരി (59) ജ്വല്ലറിയിലെത്തി അശോകന് നേർക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പറയുന്നു. തീയിട്ട ഉടൻ ഓടി രക്ഷപെട്ട പ്രതി ഹരി, ഒരു മണിക്കൂറിനുശേഷം രാമപുരം പോലീസിൽ കീഴടങ്ങിയിരുന്നു. ഇയാളെ ഞായറാഴ്ച മെജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനിരിക്കെയാണ് അശോകൻ മരിച്ചത്. ഇതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയാകും കോടതിയിൽ ഹാജരാക്കുകയെന്ന് രാമപുരം പോലീസ് അറിയിച്ചു.
രാമപുരത്ത് കൺസ്ട്രക്ഷൻ ബിസിനസ് നടത്തിവരുന്ന തുളസീദാസ് അശോകന്റെ രാമപുരത്തെ വീടിന് സമീപം കെട്ടിടം നിർമ്മിച്ചതിൻ്റെ പണം നൽകാത്തതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇതേ കെട്ടിടം വാടകയ്‌യ്‌ക്ക് എടുത്ത് തുളസീദാസ് ഹാർഡ്‌വെയർ സ്ഥാപനം നടത്തിയിരുന്നു. അശോകൻ കരാർ വ്യവസ്ഥകൾ ലംഘിച്ചതോടെ തുളസീദാസ് സ്ഥാപനം നിർത്തി. പിന്നീട് കെട്ടിടം നിർമ്മിച്ചതിന്റെ പണം ആവശ്യപ്പെട്ട് പലതവണ സമീപിച്ചെങ്കിലും കിട്ടാതായതോടെയാണ് തർക്കങ്ങൾ രൂക്ഷമായത്.
ഇതു സംബന്ധിച്ച് രാമപുരം പോലീസിൽ പരാതിയും പാലാ കോടതിയിൽ സിവിൽ കേസുകളും നടന്നുവരികയാണ്. ഇതിനിടെ തുളസീദാസ് പിറക് ഭാഗത്ത് കടമുറിയോട് കൂടിയ ഇരുനില വീട് വാടകയ്ക്ക് എടുത്ത് കച്ചവടം ആരംഭിക്കാൻ നീക്കം തുടങ്ങി. ഇത് അശോകൻ തടസപ്പെടുത്തിയത് അറിഞ്ഞ തുളസീദാസ് ശനി രാവിലെ ജ്വല്ലറിയിൽ എത്തി കൈയിൽ കരുതിയ പെട്രോളൊഴിച്ച് തീ വയ്ക്കുകയായിരുന്നു.
SUMMARY: Jeweller’s owner dies after being set on fire by businessman in Kottayam