കോഴിക്കോട്: വടകരയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ് പോലീസ് പിടിയിലായത്. വള്ളിക്കാട് കപ്പുഴിയിൽ സുഹൃതത്തിൽ അമൽ കൃഷ്ണയെ (27) ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. ഈ കാർ ഏറാമലയിൽ നിന്ന് ഞായറാഴ്ച്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ വടകര പോലീസ് ആണ് പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി കോഴിക്കോട് വള്ളിക്കാട് വെച്ചായിരുന്നു കാല്‍നടയാത്രക്കാരന്റെ ജീവനെടുത്ത അപകടം നടന്നത്. സമീപത്തെ പോലീസ് എയിഡ് പോസ്റ്റിന് സമീപത്തുവെച്ചാണ് അമല്‍ കൃഷ്ണയെ ഇന്നോവ കാര്‍ ഇടിച്ചുവീഴ്ത്തിയത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അമല്‍ കൃഷ്ണ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു.
SUMMARY: Kozhikode Pedestrian youth dies after being hit by a car, accused arrested