കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡില്‍ ഇരുവരും അംഗങ്ങളായിരുന്നു. കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.
ശങ്കര്‍ദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതില്‍ എസ്‌ഐടിയെ ഹൈക്കോടതി വിമര്‍ശിച്ചു. ഇതിനെ തുര്‍ന്ന് അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യ നീക്കം. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണപ്പാളികള്‍ കൈമാറിയതില്‍ അടക്കം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു എന്നാണ് എ പത്മകുമാറിന്റെയും മൊഴി.
അതേസമയം, കേസില്‍ ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ് സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ മറ്റൊരു ഹര്‍ജിയില്‍ ഹൈക്കോടതി തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. 2019ലെ ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ദാസ്, എന്‍ വിജയകുമാര്‍ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവര്‍ക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും കോടതി ചോദിച്ചിരുന്നു.
മറ്റ് പ്രതികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. തനിക്കെതിരെ കോടതി നടത്തിയ ഈ പരാമര്‍ശങ്ങള്‍ തന്റെ ഭാഗം കേള്‍ക്കാതെയാണെന്നും ഇതിനാല്‍ പരാമര്‍ശം നീക്കണമെന്നുമാണ് ശങ്കര്‍ദാസ് സുപ്രീംകോടതി അഭിഭാഷകന്‍ എ കാര്‍ത്തിക് മുഖാന്തരം നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി സുപ്രീംകോടതി ശൈത്യക്കാല അവധിക്ക് ശേഷം പരിഗണിക്കും.
SUMMARY: Sabarimala gold theft case: KP Shankardas and N Vijayakumar seek anticipatory bail














