താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. നേരത്തെയുള്ള മണ്ണും കല്ലും നീക്കുന്നതിനിടെയാണ് മണ്ണ് ഇടിഞ്ഞത്. ഒൻപതാം വളവിലെ വ്യൂ പോയിന്റിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ചുരം ഗതാഗത യോഗ്യമാക്കുന്നത് വൈകുമെന്നാണ് വിവരം. ചുരത്തിലൂടെ ആംബുലൻസുകൾ മാത്രമാണ് കടത്തിവിടുന്നത്. ചൊവാഴ്ച രാത്രി ഏഴോടെയാണ് ചുരം ഒൻപതാം വളവ് വ്യൂപോയന്റിന് സമീപം മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണത്. ഇതോടെ ദേശീയപാത 766ൽ പൂർണമായും ഗതാഗതം തടസപ്പെടുകയായിരുന്നു.
ഇപ്പോഴും ചുരത്തിലൂടെ പോകുന്നതിനായി ലക്കിടി ഭാഗത്തടക്കം നിരവധി വാഹനങ്ങളാണ് കാത്തുകിടക്കുന്നത്. 20 മണിക്കൂറിലധികമായി താമരശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്. വൈത്തിരിയിൽ രാവിലെ മുതൽ കാത്തുനിൽക്കുന്നത് നിരവധിപേരാണ്. ചുരത്തിലൂടെ ആംബുലൻസുകൾ മാത്രമാണ് കടത്തിവിടുന്നത്. ചുരത്തിനു പകരം വാഹനങ്ങൾ കടത്തിവിടുന്ന കുറ്റ്യാടി, നാടുകാണി, പെരിയ പാതകളിൽ വലിയ തിരക്ക് നിലവിൽ ഇല്ല.
നേരിയ തോതിലാണ് മണ്ണിടിഞ്ഞതെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് ഇത് വെല്ലുവിളിയായി മാറുകയാണ്. വീണ്ടും ഇടിഞ്ഞതോടെ ചുരം ഗതാഗത യോഗ്യമാക്കുന്നത് ഇനിയും വൈകുമെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാകുകയാണ്. രാത്രിയോടെ താമരശ്ശേരി ചുരത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുന്നതിൽ തീരുമാനമെടുക്കാനാണ് അധികൃതർ ഒരുങ്ങുന്നത്.
SUMMARY: Landslide again in Thamarassery Pass; Traffic restoration will be delayed