തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ – ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി പുതുക്കുമെന്നും ഡിസംബർ 20ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കണമെന്നും നിർദേശം. എസ്‌എആർ വിഷയത്തില്‍ ഇലക്ഷൻ കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാൻ വ്യക്തമാക്കി.
അതേ സമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശം പരിഗണിച്ചാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ കത്തയച്ചത്. നേരത്തെ മുതല്‍ തീവ്രവോട്ടർ പട്ടികാ പരിഷ്‌കരണത്തെ ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും എതിർത്തിരുന്നു. എസ്‌ഐആറിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. യു ആർ രത്തൻ ഖേല്‍ക്കർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു എല്‍ഡിഎഫ്, യുഡിഎഫ് പ്രതിനിധികള്‍ എതിർപ്പുയർത്തിയത്.
എസ്‌ഐആർ തിടുക്കപ്പെട്ട് നടപ്പിലാക്കരുതെന്നാണ് കോണ്‍ഗ്രസും സിപിഐഎമ്മും ആവശ്യപ്പെട്ടത്. എന്നാല്‍ ബിജെപി അംഗം ബി ഗോപാലകൃഷ്ണൻ മാത്രമാണ് വോട്ടർ പട്ടിക പരിഷ്‌കരണത്തെ പിന്തുണച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടർ പട്ടിക പരിഷ്കരണം അപ്രായോഗികം ആണെന്നും എല്‍ഡിഎഫും യുഡിഎഫും ചൂണ്ടിക്കാട്ടി. മാത്രമല്ല വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ അർഹരായവർ പുറത്താകും എന്ന ആശങ്കയും ഇവർ പ്രകടിപ്പിക്കുന്നുണ്ട്.
SUMMARY: Local elections in November-December