കൊച്ചി: മുംബൈ വിമാനത്താവളത്തില്‍ തന്നെ തടഞ്ഞു വച്ചിരിക്കുന്നുവെന്ന് സംവിധായകൻ സനല്‍ കുമാർ ശശിധരൻ. കൊച്ചി പോലീസ് പുറപ്പെടുവിച്ച ലുക്ക്‌ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്നാണ് അദ്ദേഹം പറഞ്ഞു. നടി മഞ്ജു വാര്യർ നല്‍കിയ പരാതിയില്‍ സനില്‍കുമാറിനെതിരെ കൊച്ചി പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ആ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്നാണ് സനല്‍കുമാർ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സനല്‍കുമാർ ശശിധരൻ താൻ കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവിട്ടത്. 2022-ല്‍ തനിക്കെതിരെ എടുത്ത കേസില്‍ ഇതുവരെ അന്വേഷണം നടന്നിട്ടില്ലെന്നും മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ഡിസംബറില്‍ മഞ്ജു വാര്യർ തന്റെയും മകളുടെയും ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിന്റെ ശബ്ദരേഖ പുറത്തുവിട്ടപ്പോള്‍, അത് ജനങ്ങളിലേക്ക് എത്തുന്നത് തടയാൻ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
എനിക്കെതിരെ 2022 ൽ എടുത്ത കേസിൽ അന്വേഷണം നടത്തിയിട്ടില്ല. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ മഞ്ജുവിന്റെയും മകളുടെയും ജീവന് ഭീഷണിയുണ്ട് എന്ന് അവൾ പറഞ്ഞതിന്റെ ശബ്ദരേഖ ഞാൻ പുറത്തുവിട്ടപ്പോൾ ആദ്യം അത് ആളുകളിലേക്ക് എത്താതിരിക്കാൻ ആണ് ശ്രമങ്ങൾ നടന്നത്. എന്നാൽ അത് ജനങ്ങളിൽ എത്തി എന്ന് വന്നപ്പോൾ എനിക്കെതിരെ വീണ്ടും ഒരു കള്ളക്കേസെടുത്തു. അതിലും മഞ്ജു വാര്യർ മൊഴികൊടുത്തില്ല. പകരം മറ്റൊരു കോടതിയിൽ മജിസ്‌ട്രെട്ട് മുൻപാകെ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കൊടുത്ത മൊഴി എനിക്കെതിരെ കൊടുത്ത മൊഴിയാണെന്ന് പോലീസ് പ്രചരിപ്പിച്ചു. ഇതുവരെയും എനിക്കെതിരെ എടുത്ത കേസുകളിൽ ഒരു റിപ്പോർട്ടും പോലീസ് കോടതിയിൽ കൊടുത്തിട്ടില്ല. എനിക്കെതിരെ അറസ്റ്റ് വാറണ്ടില്ല. ഒരു വിധിയും ചാർജ്ജ് ഷീറ്റും ഇല്ല. പക്ഷെ എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരിക്കുന്നു? എങ്ങനെ? ഏത് നടപടിക്രമം അനുസരിച്ച്? എന്തുകൊണ്ടാണ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് മടിക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ ഒരാളെ അയാൾ ഉന്നയിക്കുന്ന വിഷയങ്ങൾ കിഴിച്ചുമൂടാൻ ലക്ഷ്യമിട്ട് വേട്ടയാടുന്നത് നിങ്ങൾ ചോദ്യം ചെയ്തില്ല എങ്കിൽ പത്രപ്രവർത്തകരേ, നിങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണല്ല. ശവക്കുഴിയാണ്. ദയവായി ചോദ്യങ്ങൾ ചോദിക്കൂ. എന്താണ് നടപടിക്രമങ്ങൾ? എന്താണ് കേസ്? എന്താണ് പരാതിക്കാരിക്ക് പറയാനുള്ളത്? ചോദ്യങ്ങൾ വിഴുങ്ങാനുള്ളതല്ല. ഉറക്കെ ചോദിക്കാനുള്ളതാണ്.
SUMMARY: Lookout notice: Director Sanalkumar Sasidharan stopped at Mumbai airport