ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ ആയുഷ് ക്യാമ്പസിലെ ബാച്ചിലർ ഓഫ് നാച്ചുറോപതി ആൻഡ് യോഗിക് സയൻസ് രണ്ടാം വർഷ വിദ്യാർഥി പാലക്കാട് തൃത്താല സ്വദേശി മാലിക്കിനെയാണ് കാണാതായത്. ഈ മാസം 13 മുതൽ കാണാനില്ലെന്നാണ് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാലിക്കിൻ്റെ തിരോധാനം സംബന്ധിച്ച് നിർണായക വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പോലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിപ്പ് സംഘവുമായി മാലിക്ക് നടത്തിയ ടെലഗ്രാം ചാറ്റുകളും സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുന്നു. ടെലഗ്രാം വഴി പ്രവർത്തിക്കുന്ന വ്യാജ പണമിരട്ടിപ്പ് സംഘമാണ് വിദ്യാർഥിയെ കബളിപ്പിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സംഭവത്തിൽ ഉള്ളാൾ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാലിക്കിൻ്റെ ഫോൺ കോളുകളും മറ്റ് ഓൺലൈൻ പ്രവർത്തനങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. തട്ടിപ്പ് സംഘത്തെ കണ്ടെത്താനും, കാണാതായ വിദ്യാർഥിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുമുള്ള ശ്രമത്തിലാണ് പോലീസ്.
SUMMARY: Malayali student goes missing after being caught in online money laundering trap













