അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന 21-കാരൻ പിടിയില്‍. വഡാജ് സ്വദേശിയായ രാഹുല്‍ ദൻതാനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂച്ചയെ കൊല്ലുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. പൂച്ചയ്ക്ക് പാല്‍ കൊടുക്കുന്നതിനിടെ യുവതി പാത്രം നീക്കിയതോടെ കയ്യില്‍ കടിക്കുകയായിരുന്നു.
ആറ് മാസം ഗർഭിണിയായ യുവതിക്ക് ഇതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് പൂച്ചയെ തല്ലിക്കൊല്ലുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ രാഹുല്‍ ദൻതാനി സുഹൃത്തുക്കളുടെ സഹായത്തോടെ പൂച്ചയെ ചാക്കിലാക്കി. അഹമ്മദാബാദ് മുനിസിപ്പല്‍ കോർപ്പറേഷന് സമീപമുള്ള അപാർട്‌മെന്റിന് പരിസരത്ത് വെച്ച് രാഹുല്‍ പൂച്ചയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ആദ്യം ചാക്കോടെ പൂച്ചയെ നിലത്തടിച്ചു. പിന്നീട് പൂച്ചയെ പുറത്തിട്ട് വടികൊണ്ട് തല്ലുകയും കഴുത്തില്‍ ചവിട്ടിപ്പിടിച്ച് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. കെട്ടിടത്തിലുണ്ടായിരുന്ന ചിലർ ഈ ദൃശ്യം ഫോണില്‍ പകർത്തുകയും സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെ മൃഗസംരക്ഷണ സമിതി പ്രവർത്തകർ പരാതി നല്‍കുകയായിരുന്നു. ദൃശ്യം പരിശോധിച്ചതിന് പിന്നാലെ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.
SUMMARY: Man arrested for beating cat to death after it bit his pregnant wife














