പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.
പിറവം തേക്കുംമൂട്ടില്‍പ്പടിക്കടുത്ത് കുടുംബസമേതം താമസിക്കുകയായിരുന്നു. പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനാല്‍ വാതില്‍ തുറന്നുനോക്കിയപ്പോള്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നര പതിറ്റാണ്ടിലധികം മിമിക്രി വേദികളില്‍ സജീവമായിരുന്നു സുരേഷ്.
ഒട്ടേറെ സിനിമകളിലും സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്. എബിസിഡി സിനിമയില്‍ പത്രപ്രവര്‍ത്തകന്റെ വേഷം ചെയ്തിരുന്നു. കൊല്ലം നര്‍മ ട്രൂപ്പിലും കൊച്ചിന്‍ രസികയിലും സജീവ അംഗമായിരുന്നു. രാമപുരം വെള്ളിലാപ്പിള്ളില്‍ വെട്ടത്തുകുന്നേല്‍ പരേതനായ ബാലന്റെയും ഓമനയുടെയും മകനാണ്. ഭാര്യ: ദീപ
SUMMARY: Mimicry star found dead at home