ബെംഗളൂരു: യശ്വന്ത്പൂർ – തിരുവനന്തപുരം ഗരിബ് രഥ് എക്സ്പ്രസിൽ മൂന്ന് തേർഡ് എസി കോച്ചുകൾ കൂടി അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ട്രെയിൻ നമ്പർ 12257/12258 ട്രെയിനുകളിലാണ് അധിക കോച്ചുകൾ ഘടിപ്പിക്കുക. ട്രെയിനിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ആഴ്ചയിൽ മൂന്ന് ദിവസമാണ് ഗരീബ് രഥ് ഇരു ദിശകളിലും സർവീസ് നടത്തുന്നത്.
ഒക്ടോബർ 18 മുതൽ യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12257 യശ്വന്ത്പൂർ – തിരുവനന്തപുരം നോർത്ത് സർവീസിൽ പുതിയ കോച്ചുകൾ ലഭ്യമാകും. ഒക്ടോബർ 19 മുതൽ തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12258 തിരുവനന്തപുരം നോർത്ത് – യശ്വന്ത്പൂർ സർവീസിൽ ഈ കോച്ചുകൾ കൂട്ടിച്ചേർക്കും.
ഇതോടെ ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണം 18-ൽ നിന്ന് 21 എൽഎച്ച്ബി കോച്ചുകളായി ഉയരും. ഇതിൽ 19 എസി 3-ടയർ ഇക്കോണമി കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് ആൻഡ് ജനറേറ്റർ കാറുകളും ഉൾപ്പെടും.
SUMMARY: More AC coaches have been allotted for the Yesvantpur – Thiruvananthapuram Garib Rath Express.
















