കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. മട്ടന്നൂർ നെല്ലൂന്നി ലോട്ടസ് ഗാർഡനിലെ നിവേദിത രഘുനാഥ് (44), മകൻ സാത്വിക് (9) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ ഋതിക്ക് (11)നെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ ശങ്കര വിദ്യാപിഠം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് സാത്വിക്കും ഋതിക്കും.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ എടയന്നൂർ സ്‌കൂളിനു സമീപമായിരുന്നു അപകടം. കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യംകാണാൻ പോയി തിരിച്ചു വരുന്നതിനിടെ എതിർ വശത്തുനിന്നും വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കുഞ്ഞമ്പുവിന്‍റെയും കമലയുടെയും മകളാണ് മരിച്ച നിവേദിത. ഖത്തറിൽ ജോലി ചെയ്യുന്ന കെപി രഘുനാഥാണ് ഭർത്താവ്. ബെംഗളൂരുവിൽ പഠിക്കുന്ന വൈഷ്ണവ് ആണ് മൂത്തമകൻ. വൈഷ്ണവ് മൂത്ത മകനാണ്. സഹോദരി: ഗൗരി. ഉളിയിൽ പടിക്കച്ചാൽ സ്വദേശികളായ ഇവർ കുറച്ചുകാലമായി നെല്ലൂന്നിയിലാണ് താമസം. സംസ്‌കാരം ബുധനാഴ്ച 2.30ന് പൊറോറ നിദ്രാലയത്തിൽ.
SUMMARY: Mother and son die in scooter-car collision in Mattannur; another son in critical condition














