തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ ശ്രീതുവിനും പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. നേരത്തെ ഈ കേസില്‍ അമ്മാവൻ ഹരികുമാർ മാത്രമാണ് പ്രതിയെന്നായിരുന്നു പോലീസിൻ്റെ പ്രാഥമിക നിഗമനം.
ഈ വർഷം ജനുവരി 30-നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റില്‍ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മാവൻ ഹരികുമാർ കുട്ടിയെ മുറിയില്‍ നിന്ന് എടുത്ത് കിണറ്റില്‍ എറിഞ്ഞതാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഹരികുമാറിന് സഹോദരിയോടുള്ള വഴിവിട്ട താല്‍പര്യത്തിന് കുട്ടി തടസ്സമാണെന്ന് കരുതിയതാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പോലീസിൻ്റെ ആദ്യ നിഗമനം.
എന്നാല്‍, കുറ്റപത്രം സമർപ്പിക്കാൻ പോലീസ് തയ്യാറെടുക്കുന്നതിനിടെ ഹരികുമാർ നല്‍കിയ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. കുട്ടിയെ കൊന്നത് താനല്ല, മറിച്ച് ശ്രീതുവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഹരികുമാർ മൊഴി നല്‍കിയത്. നേരത്തെ കുട്ടിയുടെ അച്ഛൻ ശ്രീജിത്തും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും ആദ്യ അന്വേഷണത്തില്‍ ശ്രീതുവിനെതിരെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
ഹരികുമാറിന്‍റെ മൊഴി മാറ്റത്തോടെ നുണപരിശോധനയ്ക്കുശേഷം കുറ്റപത്രം നല്‍കിയാല്‍ മതിയെന്ന് പോലീസ് തീരുമാനിച്ചു. പ്രതിയായ അമ്മാവൻ ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാനായിരുന്നു പൊലീസിന്‍റെ തീരുമാനം. എന്നാല്‍ ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്.
SUMMARY: Mother arrested in case of child being thrown into well













