ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവരുടെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോമിന്റെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) യ്ക്ക് ഒരുങ്ങുന്നു. 2026 ന്റെ ആദ്യ പകുതിയില്‍ തന്നെ ജിയോ ഓഹരികള്‍ ലിസ്റ്റ് ചെയ്യുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 48ാമത് വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ പറഞ്ഞു.
‘ജിയോ അതിന്റെ ഐപിഒയ്ക്ക് ഫയല്‍ ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ആവശ്യമായ എല്ലാ അംഗീകാരങ്ങള്‍ക്കും വിധേയമായി 2026 ഓടെ ജിയോയെ ലിസ്റ്റ് ചെയ്യാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ആഗോള എതിരാളികളുടേതിന് സമാനമായ മൂല്യം സൃഷ്ടിക്കാന്‍ ജിയോയ്ക്ക് കഴിയുമെന്ന് ഇത് തെളിയിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു,’ അംബാനി പറഞ്ഞു.
500 മില്യണ്‍ ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് ജിയോ പിന്നിട്ടുകഴിഞ്ഞു. യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യ എല്ലാം കൂടി ചേര്‍ത്ത് വച്ചതിനേക്കാളും വരും ജിയോയുടെ ഉപയോക്താക്കള്‍-അംബാനി വിശദമാക്കി. 2025 സാമ്പത്തിക വര്‍ഷത്തില്‍ 1.28 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ജിയോ നേടിയത്.
ജിയോ പ്ലാറ്റ്‌ഫോംസിന്റെ സബ്‌സിഡിയറിയായ റിലയന്‍സ് ജിയോ 2016 സെപ്റ്റംബറിലാണ് ഉപഭോക്താക്കളിലെക്കെത്തിയത്. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം നെറ്റ് വര്‍ക്ക് ഓപ്പറേറ്ററാണ് റിലയന്‍സ് ജിയോ. ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും റിലയന്‍സ് ജിയോയുടേത് എന്നാണ് റിപ്പോർട്ടുകള്‍.
SUMMARY: Ambani announces Jio IPO: Will hit the market next year