ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും. കൂടുതല്‍ ട്രെയിന്‍ സെറ്റുകള്‍ എത്തുന്നതോടെയാണ് ഇത് സാധ്യമാക്കുന്നത്. നിലവില്‍ 3 ട്രെയിനുകള്‍ മാത്രമാണ് യെല്ലോ ലൈനില്‍ ഉള്ളത്. ഇത് പുറമേ മൂന്ന് ട്രെയിനുകള്‍ കൂടി വൈകാതെ സര്‍വീസ് ആരംഭിക്കും. നാലാമത്തെ ട്രെയിന്‍ ഇതിനോടകം ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന് (ബി.എം.ആര്‍.സി.എല്‍) ലഭ്യമായിട്ടുണ്ട്. പരീക്ഷണ ഓട്ടം പൂര്‍ത്തിയാകുന്നതോടെ ഇത് സര്‍വീസിന് പൂര്‍ണ സജ്ജമാകും. ഇതോടെ 25 മിനിട്ട് എന്നത് 15 മിനിറ്റായി കുറയുമെന്നാണ് ബിഎംആര്‍സിഎല്ലിന്റെ കണക്കുകൂട്ടല്‍. നിലവില്‍ യെല്ലോ ലൈനില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. നാലാമത്തെ ട്രെയിന്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ തിരക്ക് കുറയ്ക്കാനാകുമെന്നുമാണ് ബിഎംആര്‍സിഎല്ലിന്റെ പ്രതീക്ഷ.
നാലാമത്തെ ട്രെയിന്‍ സെറ്റിന്റെ ആദ്യ കോച്ച് കഴിഞ്ഞ ചൊവ്വാഴ്ച ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിയിരുന്നു. ബാക്കിയുള്ള അഞ്ച് കോച്ചുകള്‍ ബുധനാഴ്ച രാത്രിയോടെയും എത്തി. ട്രെയിന്‍ സെറ്റിന്റെ പരീക്ഷണം ഈ ആഴ്ച ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ബി.എം.ആര്‍.സി.എല്‍. 20 ദിവസത്തെ പരീക്ഷണ ഓട്ടമാണ് നടത്താനുള്ളത്. സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം, വൈദ്യുതി വിതരണ ശൃംഖലകളുമായുള്ള സംയോജനം ഉള്‍പ്പടെ വിവിധതരം പരിശോധനകളാണ് ഇനി പൂര്‍ത്തിയാക്കനുള്ളത്.
SUMMARY: Namma Metro Yellow Line; Interval of trains from 25 minutes to 15 minutes immediately