ബെംഗളൂരു: കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന പ്രളയ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ഉയർന്ന കൃത്യതയുള്ള ആക്രമണങ്ങൾക്കായി രൂപകൽപ്പന ചെയ്ത അത്യാധുനിക ഹ്രസ്വദൂര മിസൈൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒഡിഷ തീരത്തുള്ള എ.പി.ജെ. അബ്ദുൽ കലാം ദ്വീപിൽ നിന്നാണ് പരീക്ഷിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഡി.ആർ.ഡി.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞർ, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ സൈന്യം എന്നിവിടങ്ങളിലെ ഉപയോക്താക്കളുടെ പ്രതിനിധികൾ, വ്യവസായ പ്രതിനിധികൾ എന്നിവർ ‘പ്രളയ്’ മിസൈലിന്റെ പറക്കൽ പരീക്ഷണങ്ങൾക്ക് സാക്ഷ്യം വഹിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.150 – 500 കിലോമീറ്റർ ദൂരപരിധിയുള്ള, 5 ടൺ ഭാരമുള്ള ഈ മിസൈൽ മുൻനിശ്ചയിച്ച പാത കൃത്യമായി പിന്തുടർന്നു. പരീക്ഷണോദ്ദേശങ്ങളെല്ലാം കൃത്യമായി നിറവേറ്റി ലക്ഷ്യസ്ഥാനത്തെത്തി. ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ഐടിആർ) വിന്യസിച്ച വിവിധ നിരീക്ഷണ സെൻസറുകൾ പകർത്തിയ പരീക്ഷണ ഡാറ്റ പ്രകാരം എല്ലാ ഉപസംവിധാനങ്ങളും പ്രതീക്ഷക്കൊത്ത വണ്ണം പ്രവർത്തിച്ചു.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു ഖര പ്രൊപ്പല്ലന്‍റ് അർധ -ബാലിസ്റ്റിക് മിസൈലായ പ്രളയ്, ഉയർന്ന കൃത്യത ഉറപ്പാക്കാൻ അത്യാധുനിക മാർഗനിർദേശ, ഗതിനിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. വ്യത്യസ്ത ലക്ഷ്യങ്ങൾക്കെതിരെ വിവിധ തരം പോർമുനകൾ വഹിക്കാൻ ഈ മിസൈലിന് കഴിയും. യാത്രയ്ക്കിടെ വഴിമാറി സഞ്ചരിക്കാൻ കഴിയുന്ന പ്രളയ് മിസൈലിനെ ശത്രുക്കൾക്കു കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്.
പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ച ഡി.ആർ.ഡി.ഒയെയും സായുധ സേനയെയും രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ആധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഈ മിസൈൽ രാജ്യം നേരിടുന്ന ഭീഷണികൾ നേരിടാനുള്ള സായുധ സേനയുടെ സാങ്കേതിക കരുത്ത് വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
SUMMARY: New strength for the country’s defense capability; Pralay missile successfully tested