തിരുവനന്തപുരം: സംസ്ഥാനത്ത് നിപാ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 675 ആയി. പാലക്കാട് നിപാ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ് ഇതിൽ 178 പേരും. പാലക്കാട് ആകെ 347 പേരും മലപ്പുറത്ത് 210 പേരും കോഴിക്കോട് 115 പേരും എറണാകുളത്ത് രണ്ട് പേരും തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം പുറത്തുവിട്ടത്.
മലപ്പുറത്ത് 13 പേർ ഐസിയു ചികിത്സയിലാണ്. ജില്ലയില്‍ ഇതുവരെ 82 സാമ്പിളുകള്‍ നെഗറ്റീവ് ആവുകയും ചെയ്തു. പാലക്കാട് 12 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. അഞ്ച് പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 139 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
SUMMARY: Nipah. 675 people in the state on the contact list