തിരുവനന്തപുരം: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ എന്‍റോള്‍മെന്റ് ഒരു ലക്ഷം പിന്നിട്ടു. രാജ്യത്താദ്യമായാണ് പ്രവാസികള്‍ക്കായി ഒരു സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്.
നിലവില്‍ എന്‍റോള്‍മെന്റ് പൂര്‍ത്തിയാക്കിവര്‍ക്കുളള പരിരക്ഷ കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതല്‍ നിലവിൽ വരും. പദ്ധതിയുടെ ഭാഗമായുളള ഔദ്യോഗിക ഇൻഷുറൻസ് സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ നവംബര്‍ ഒന്നിന് കൈമാറും. രാവിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ ന്യൂ ഇന്ത്യ അഷുറൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ ജോയ്സ് സതീഷ് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കൊളശ്ശേരിക്കാണ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് കൈമാറുക. 2025 സെപ്തംബർ 22-ന് ആരംഭിച്ച നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്ട്രേഷന്‍ ഡ്രൈവ് 37 ദിവസം കൊണ്ടാണ് ഒരു ലക്ഷം എന്‍റോള്‍മെന്റെന്ന നേട്ടം കൈവരിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവാസി സമൂഹവും, പ്രവാസി സംഘടനകളും കൂട്ടായ്മകളും നോര്‍ക്ക കെയര്‍ പദ്ധതിയുടെ പ്രചാരണത്തിനായി വിപുലമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികേരളീയര്‍ക്കാണ് പദ്ധതിയില്‍ എന്‍റോള്‍ ചെയ്യാനാകുക. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തോളം പ്രവാസികേരളീയര്‍ നോർക്ക പ്രവാസി ഐ.ഡി കാർഡ് സേവനവും പ്രയോജനപ്പെടുത്തി. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി (25 വയസ്സിൽ താഴെ): ₹4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18–70 വയസ്സ്) 8,101 രൂപയുമാണ്. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18, 000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.
SUMMARY: Norka Care enrollment crosses one lakh; coverage from November 1


 
                                    









