ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള ഗ്ലോബല്‍ രജിസ്ട്രേഷന്‍ ഡ്രൈവില്‍ ഈ മാസം 31 വരെ കര്‍ണാടകയില്‍ നിന്നും 2800 ലധികം പ്രവാസികള്‍ നോര്‍ക്ക കെയറില്‍ അംഗമാകുന്നതിന് വേണ്ടി നോര്‍ക്ക ഐഡി കാര്‍ഡിനുള്ള അംഗത്വം എടുത്തതായി ബെംഗളൂരു നോര്‍ക്ക റൂട്ട്സ് ഓഫീസ് അറിയിച്ചു.
ബെംഗളൂരുവിന് പുറമേ മൈസൂരു, മംഗളൂരു, ഉഡുപ്പി, ശിവമോഗ, വിജയനഗര (ഹോസ്‌പെട്ട്), ദാവണഗെരെ, ബെളഗാവി, തുമകുരു, ബെല്ലാരി തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള പ്രവാസികളുടെയും, മലയാളി സംഘടനകളുടെയും മികച്ച പിന്തുണയാണ് ഇത്രയുമധികം രജിസ്‌ട്രേഷന്‍ സാധ്യമാക്കിയതെന്ന് ബെംഗളൂരു എൻആർകെ ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് പറഞ്ഞു.
എഐകെഎംസിസി, കേരള മാജം ബാംഗ്ലൂര്‍, കേരള സമാജം ദൂരവാണി നഗര്‍, സുവര്‍ണ് കര്‍ണാടക കേരളസമാജം, കല വെല്‍ഫേര്‍ അസോസിയേഷന്‍, കാരുണ്യ ബെംഗളൂരു, ബെംഗളൂരു മലയാളി ഫോറം, എസ്എന്‍ഡിപി സമിതി കെജി ഹള്ളി, കേരളസമാജം നോര്‍ത്ത് വെസ്റ്റ്, കേരള സമാജം നെലമംഗല, കേരളസമാജം മൈസൂരു, അലുമിനി അസോസിയേഷന്‍ മട്ടന്നൂര്‍ പോളിടെക്നിക് , കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ഉഡുപ്പി, സെന്റ് അല്‍ഫോന്‍സാ ഫോറാനെ ചര്‍ച്ച് സുല്‍ത്താന്‍പാളയ, പ്രോഗ്രസ്സിവ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍, അരുണോദയ ഫ്രണ്ട്സ് വെല്‍ഫേര്‍ അസോസിയേഷന്‍, ബാംഗ്ലൂര്‍ മെട്രോ ചാരിറ്റബിള്‍ ട്രസ്റ്റ് , കേരളസമാജം മാഗഡി റോഡ്, കെ ആര്‍ പുരം, മല്ലേശ്വരം,കേളി ബെംഗളുരു സെന്റ് തോമസ് ചര്‍ച്ച് ധര്‍മ്മാരം, കേരളസമാജം മംഗളുരു കേരളസമാജം ബിദരഹള്ളി, കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഹോസപെട്ട്, കേരളീയ സംസ്‌കൃതിക് സംഘ് ബെളഗാവി തുടങ്ങിയ സംഘടനകള്‍ നോര്‍ക്ക കെയര്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് പദ്ധതിക്ക് മികച്ച പ്രചരണം നല്‍കി. ലോക കേരളസഭ അംഗങ്ങളായ സി കുഞ്ഞപ്പന്‍, റജികുമാര്‍, നൗഷാദ് എംകെ, ശശിധരന്‍ കെ പി, ഫിലിപ്പ് ജോര്‍ജ്, സന്ദീപ് കൊക്കൂണ്‍, എല്‍ദോ ചിറക്കച്ചാലില്‍ എന്നിവര്‍ പ്രവാസികളെ പദ്ധതിയില്‍ ചേര്‍ക്കുന്നതിനായി നേതൃത്വം നല്‍കി.
നോര്‍ക്ക കെയര്‍
പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ് ‘നോര്‍ക്ക കെയര്‍’. ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് നോര്‍ക്ക കെയര്‍.
രോഗാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെ അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുമാണ് നോര്‍ക്ക കെയര്‍ വഴി ലഭ്യമാക്കുന്നത്. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. കര്‍ണാടകയില്‍ നിന്നും 1462 ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട് . നിലവിലുളള രോഗങ്ങള്‍ക്കും പരിരക്ഷ ഉറപ്പാക്കാനാകും എന്നതും മെഡിക്കല്‍ ചെക്കപ്പ് ആവശ്യമില്ല എന്നതുമാണ് നോര്‍ക്ക കെയറിനെ മറ്റ് സാധാരണ ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്നും വ്യത്യസ്തമാക്കുന്നത് .
18 മുതല്‍ 70 വയസ്സുവരെയുള്ള നോര്‍ക്ക ഐഡി കാര്‍ഡുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. നോര്‍ക്ക ഐഡി കാര്‍ഡിന് ഒരാള്‍ക്ക് 408 രൂപയും നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് ഭര്‍ത്താവ്, ഭാര്യ രണ്ടു കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിന് 13,411 രൂപയും വ്യക്തിയ്ക്ക് 8,101 രൂപയുമാണ് ഫീസ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകുന്നതാണ്.
SUMMARY: NORKA CARE Registration: More than 2800 expatriates from Karnataka have taken up NORKA card membership


 
                                    









