ബെംഗളൂരു: മാൽപേയിലെ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിൽ സുരക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഗുജറാത്ത് സ്വദേശി 34-കാരനായ ഹിരേന്ദ്ര കുമാറാണ് അറസ്റ്റിലായത്. ഗുജറാത്തിലെ ആനന്ദ് താലൂക്കിൽനിന്ന് ഉഡുപ്പി പോലീസാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവത്തിൽ ഉഡുപ്പി ഷിപ്പ് യാർഡിലെ തൊഴിലാളികളും ഉത്തർപ്രദേശ് സ്വദേശികളായ രോഹിത്, സാന്തി എന്നിവരെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇരുവരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
പാക്കിസ്ഥാന് വേണ്ടി ഉഡുപ്പി ഷിപ്പ് യാർഡിലെ തന്ത്രപ്രധാന വിവരങ്ങൾ കൈമാറി എന്നാണ്കേസ്. പിടിയിലായ ഹിരേന്ദ്ര കുമാർ സ്വന്തം പേരിൽ എടുത്ത മൊബൈൽ സിം കാർഡ് മുഖ്യപ്രതിക്ക് പണത്തിനു പകരമായി നൽകിയിരുന്നു. മാൽപെയിലെ ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡിൽ മെസ്സേഴ്സ് സുഷ്മ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിൽ കരാർ ജീവനക്കാരായിരുന്നു മൂന്നുപേരും. ഒന്നര വർഷം മുമ്പ് മാൽപേയിൽ എത്തിയ ഇവർ ഇന്ത്യൻ നാവികസേനയുടെ കപ്പൽ നമ്പറുകളുടെയും മറ്റ് തന്ത്രപ്രധാനമായ വിവരങ്ങൾ വാട്ട്സ്ആപ്പ് വഴി പാക്കിസ്ഥാന് അനധികൃതമായി കൈമാറിയെന്നാണ് ഉയർന്ന ആരോപണം. ഇതിലൂടെ വൻ തുക കൈപ്പറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്
ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച ഒരു വലിയ കണ്ണി ഇതിനു പിന്നിലുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
SUMMARY: One more person arrested in case of leaking confidential data to illegal entities abroad














