കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം. ഛത്തീസ്ഗഢ് സ്വദേശി നന്ദുലാല്‍ (22) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഏഴുപേരെ കരുവഞ്ചാലിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്.
കുഴല്‍ക്കിണറിന്റെ ജോലി കഴിഞ്ഞു വരികയായിരുന്ന ഛത്തീസ്ഗഢ് സ്വദേശികളായ എട്ടു പേരായിരുന്നു ലോറിയിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ലോറി ഒരു തോട്ടത്തിലേക്ക് മറിഞ്ഞ് അവിടെ ഒരു മരത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു. ലോറിക്കകത്ത് മുന്‍ വശത്തെ കാബിനിലും പിറകുവശത്തുമായിട്ടായിരുന്നു തൊഴിലാളികളുണ്ടായിരുന്നത്.അപകടത്തില്‍ ഒരാള്‍ ലോറിക്കടിയിലേക്കു പോയിരുന്നു.
ആദ്യഘട്ടത്തില്‍ നാട്ടുകാരും പിന്നീട് ഫയര്‍ഫോഴ്‌സുമെത്തി ലോറി വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. എന്നാല്‍, ഒരാളെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ക്രെയിനെത്തിച്ച് ലോറി ഉയര്‍ത്തിയ ശേഷമാണ് താഴെ അകപ്പെട്ടിരുന്ന ആളെ പുറത്തെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
SUMMARY: One person died after a tube well construction lorry overturned in Kannur; Seven people were injured














