കൊച്ചി: സിഎംആർഎല്-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില് പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും കനത്ത തിരിച്ചടി. കേസില് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ അപ്പീല് നല്കാന് അനുമതി തേടി പിണറായി വിജയന് അടക്കമുള്ളവര് നല്കിയ ഹര്ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. നിയമപരമായി എഫ്ഐആർ ഇട്ട സാഹചര്യത്തില് അപ്പീല് അനുമതി അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ കെ നടരാജൻ, ജോണ്സൻ ജോണ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. പി എ മുഹമ്മദ് റിയാസ്, ടി വീണ, ഹസൻ വാരിസ് എന്നിവരും അപ്പീല് അനുമതി അപേക്ഷ നല്കിയിരുന്നു. ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായി വിജയനടക്കമുള്ളവർക്കെതിരെ എഫ്ഐആറിടാൻ ഹൈക്കോടതി സിംഗിള് ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെയായിരുന്നു പ്രതിപക്ഷ നേതാവടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിള് ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാർ വാദിച്ചത്. സംസ്ഥാന സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് കോടതിയില് സ്വീകരിച്ചത്. എന്നാല് അപ്പീലിന് അനുമതി നല്കരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇത് പരിഗണിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിള് ബെഞ്ച് ഉത്തരവില് ഇടപെടാനില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. വിധി പിണറായിയെ പിന്തുണച്ച സർക്കാരിനും തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ വിജിലൻസിന് അന്വേഷണവുമായി മുന്നോട്ടുപോകാം.
SUMMARY: Setback for Pinarayi Vijayan in the ‘monthly payout’ case; High Court denies permission to appeal















