മുംബൈ: ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു. 70 വയസായിരുന്നു. അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഫെവിക്കോള്‍, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ ഐക്കോണിക് പരസ്യങ്ങള്‍ക്ക് പിന്നില്‍ പ്രവർത്തിച്ച വ്യക്തിയാണ് പിയൂഷ് പാണ്ഡെ.
നാല് പതിറ്റാണ്ടോളം പരസ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന പാണ്ഡെ, ഒഗില്‍വിയുടെ വേള്‍ഡ് വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും ഇന്ത്യയുടെ എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു. 1982 ല്‍ 27 വയസുള്ളപ്പോഴാണ് പാണ്ഡെ ഒഗില്‍വിയില്‍ ചേർന്നത്. ഇന്ത്യൻ പരസ്യ മേഖലയില്‍ ഇംഗ്ലീഷ് ആധിപത്യം പുലർത്തിയിരുന്ന കാലഘട്ടമായിരുന്നു അത്.
ഏഷ്യൻ പെയിന്റ്സ് (ഹർ ഖുഷി മേ റംഗ് ലായേ), കാഡ്ബറി (കുച്ച് ഖാസ് ഹേ), ഫെവിക്കോള്‍, ഹച്ച് തുടങ്ങിയ ബ്രാൻഡുകള്‍ക്കായുള്ള ഇന്ത്യൻ ടച്ചുള്ള പരസ്യങ്ങള്‍ പാണ്ഡെ സൃഷ്ട്ടിച്ചു. ഹിന്ദിയും സംഭാഷണത്തില്‍ ഇന്ത്യൻ ശൈലികളും മുഖ്യധാരാ പരസ്യത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നു. ‘ഇന്ത്യൻ പരസ്യത്തിന്‍റെ ഭാഷ മാത്രമല്ല, അതിന്‍റെ വ്യാകരണവും മാറ്റിയ വ്യക്തി’യെന്നും പാണ്ഡെ അറിയപ്പെട്ടു.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ഒഗില്‍വി ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതല്‍ അവാർഡുകള്‍ ലഭിച്ച പരസ്യ ഏജൻസികളില്‍ ഒന്നായി മാറി. 2023 ല്‍ ഒഗില്‍വിയില്‍ നിന്നും അദ്ദേഹം വിരമിച്ചു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ മുംബൈയില്‍ നടക്കും.
SUMMARY: Piyush Pandey, the master of Indian advertising, passes away














