ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളില്‍ സമൂഹമാധ്യമായ എക്‌സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍ എക്‌സിലെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കുപയോഗിച്ച് മോശം രീതിയില്‍ എഡിറ്റ് ചെയ്യുന്നത് വ്യാപകമായിരുന്നു. ഗ്രോക് ഉള്‍പ്പെടെയുള്ള എ.ഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യതയെ ബാധിക്കുന്ന അശ്ലീല, നഗ്ന ദൃശ്യങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്നതും അപ്ലോഡ് ചെയ്യുന്നതും തടയണമെന്ന് നോട്ടിസില്‍ പറയുന്നു.
72 മണിക്കൂറിനകം നടപടി റിപ്പോർട്ട് സമർപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എ.ഐ പ്ലാറ്റ്ഫോമിലൂടെ സ്വകാര്യതയുടെ ലംഘനം നടക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. നിയമവിരുദ്ധമായ കണ്ടന്റുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എക്സിനു സർക്കാർ നിർദേശം നല്‍കി. നിർദേശം ലംഘിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യണം. ഇത്തരം കണ്ടന്റുകള്‍ ഉടനടി നീക്കംചെയ്യണം.
ശിവസേന എം.പി പ്രിയങ്ക ചതുർവേദിയാണ് നടപടി ആവശ്യപ്പെട്ട് ഐ.ടി മന്ത്രാലയത്തെ സമീപിച്ചത്. സ്ത്രീ സുരക്ഷയ്ക്കായി നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം. എക്സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ഗ്രോക്കിന്റെ എ.ഐ ഫീച്ചർ ഉപയോഗിച്ച് സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വർധിക്കുന്നതായി അവർ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
SUMMARY: Pornographic content: Center sends notice to X














