കണ്ണൂര്‍: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകൻ അഡ്വ.കെ വിശ്വൻ. നവീൻ ബാബു കുറ്റസമ്മതം നടത്തി എന്ന കലക്ടറുടെ മൊഴിയുണ്ട്.
അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ദിവ്യ ക്രൂശിക്കപ്പെട്ടത്. ടി.വി പ്രശാന്ത് വഴി നവീൻ ബാബു പി.പി ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അഡ്വ കെ.വിശ്വൻ പറഞ്ഞു. ദിവ്യക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടാകും. പണം വാങ്ങി എന്നതില്‍ കുറ്റപത്രത്തില്‍ നേരിട്ട് തെളിവില്ല, എന്നാല്‍ അതിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്.
സാക്ഷ്യമൊഴികളും സാഹചര്യ തെളിവുകളും നവീൻ ബാബു കൈക്കൂലി വാങ്ങി എന്നത് സ്ഥിരീകരിക്കുന്നെന്നും അഭിഭാഷകന്‍ പറഞ്ഞു. നവീൻ ബാബു പറഞ്ഞ കാര്യങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടർ മൊഴി നല്‍കിയിട്ടുണ്ട്. യാത്രയയപ്പിനെക്കുറിച്ചും എഡിഎം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മന്ത്രി കെ രാജനോട് പറഞ്ഞുവെന്നാണ് കളക്ടർ മൊഴി നല്‍കിയിരിക്കുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടർ മൊഴി നല്‍കിയിട്ടുണ്ട്.
SUMMARY: PP Divya approaches High Court to quash charge sheet