കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ പ്രതികരിച്ച് ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. കേസില്‍ ഗൂഢാലോചന വ്യക്തമായി തെളിയിക്കപ്പെടുകയും അതിന് പിന്നില്‍ പ്രവർത്തിച്ചവരെ കണ്ടെത്തുകയും വേണമെന്ന് വ്യക്തമാക്കി. പ്രോസിക്യൂഷൻ കണ്ടെത്തിയതും അതാണ്. ഒന്നാംപ്രതിയും അതാണ് പറഞ്ഞത്. അതിജീവിതയും ക്വട്ടേഷൻ നടന്നു എന്നാണ് പറഞ്ഞത്.
ക്വട്ടേഷൻ എങ്കില്‍ അതില്‍ ഗൂഢാലോചന ഉണ്ടാകുമല്ലോ? ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം എന്നും പ്രേംകുമാർ പ്രതികരിച്ചു. കേസില്‍ പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നുള്ള വിമർശനങ്ങള്‍ വലിയ രീതിയില്‍ ഉയരുന്നുണ്ട്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകള്‍ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ പ്രതികള്‍ക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. കേസില്‍ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ല.
അപ്പീല്‍ നല്‍കാൻ സർക്കാരിനോട് ശുപാർശ ചെയ്യും. ശിക്ഷയില്‍ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ച ശിക്ഷ കോടതിയുടെ ഔദാര്യമല്ല. പ്രോസിക്യൂഷന്‍റെ അവകാശമാണ്. വിചാരണയ്ക്കിടയില്‍ ഞങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പറയണ്ട സ്ഥലങ്ങളില്‍ പറയുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.
SUMMARY: If the quotation took place, there would be a conspiracy, wouldn’t there?; Premkumar responded by demanding that the conspiracy be proven













