ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. രാജ്യാന്തര സഹകരണ കൂട്ടായ്മയായ ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ചൈനയിലേക്ക് പോകുന്നത്. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ ടിയാന്‍ജിന്‍ സിറ്റിയിലാണ് ഉച്ചകോടി. പ്രാദേശിക സുരക്ഷ, ഭീകരവാദം, വ്യാപാരം തുടങ്ങിയ വിഷയങ്ങളാകും എസ്‌സിഒ ഉച്ചകോടിയില്‍ ചര്‍ച്ചയാകുക.
2020ലെ ഗാൽവൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് മോദി ചൈനയിലെത്തുന്നത്. എന്നാൽ കസാനിൽ 2024 ഒക്ടോബറിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2019ലാണ് ഇതിനു മുമ്പ് മോദി ചൈന സന്ദർശിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ജൂണിൽ എസ്‌സിഒ മന്ത്രിതല യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഉച്ചകോടിയ്ക്കിടെ മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം.
കിഴക്കൻ ലഡാക്കിലെ ഗാൽവനിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുള്ള മാരകമായ ഏറ്റുമുട്ടലുകൾക്ക് ശേഷം 2020 മെയ് മാസത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 1962 ലെ യുദ്ധത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ അക്രമാസക്തമായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു, ചൈനീസ് പക്ഷത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
SUMMARY: Prime Minister Narendra Modi to visit China