ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തോട് ഏതുരീതിയിൽ തിരിച്ചടിക്കണമെന്ന് തീരുമാനിക്കാനാണ് ഉച്ചകോടി. വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുക.
പ്രാദേശിക തലത്തിൽ ഒന്നിച്ച് ഇസ്രയേലിന് തിരിച്ചടി നൽകണമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ഖത്വർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽതാനി സി എൻ എന്നിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മേഖലയിലെ തങ്ങളുടെ പങ്കാളികളായ മറ്റ് രാജ്യങ്ങളുമായി പ്രത്യാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്തു വരികയാണെന്നും ജാസിം അൽതാനി അഭിമുഖത്തിൽ പറഞ്ഞു.
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ബോംബ് സ്ഫോടനം നടത്തി ആറ് പേരെ കൊന്നതിന് പിന്നാലെ നെതന്യാഹുവിനെതിരെ ശക്തമായ മറുപടിയുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബുൽറഹ്‌മാൻ അൽ താനി രംഗത്തെത്തിയിരുന്നു. ഖത്തർ വിദേശകാര്യ മന്ത്രാലയം ഇന്നും നെതന്യാഹുവിനെതിരെ ശക്തമായ പ്രതികരണവുമായി പ്രസ്താവനയിറക്കിയിരുന്നു.
SUMMARY: Qatar calls for urgent Arab-Islamic summit to respond to Israeli attack