പട്‌ന: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് ബിഹാറിലെ പട്‌നയിൽ പദയാത്രയോടെ സമാപിക്കും. ഗാന്ധി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര അംബേദ്കര്‍ പാര്‍ക്കിലാണ് അവസാനിക്കുക. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഉള്‍പ്പെടെ ഇന്ത്യാ മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ പദയാത്രയില്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 12.45ന് അംബേദ്കര്‍ പ്രതിമയില്‍ എല്ലാവരും പുഷ്പാര്‍ച്ചന നടത്തിയ ശേഷം പൊതുസമ്മേളനം തുടങ്ങും. പരിപാടി പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമാക്കി മാറ്റാനാണ് ശ്രമം. ബിഹാറിലെ ഇന്ത്യ കൂട്ടായ്‌മയുടെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, വികാസ്‌ശീൽ ഇൻസാൻ പാർടി നേതാവ് മുകേഷ് സാഹ്‌നി തുടങ്ങിയവർ സംസാരിക്കും. ബിഹാറിലേത് തുടക്കം മാത്രാണെന്നും കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വോട്ട് കവര്‍ച്ചയ്ക്ക് എതിരായ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
ആഗസ്‌ത് 17ന് തുടങ്ങി 16 ദിവസം നീണ്ട യാത്ര 25 ജില്ലകളിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്റർ സഞ്ചരിച്ചു. സിപിഐ എം പിബി അംഗം അശോക് ധാവ്‌ളെ, കേന്ദ്രകമ്മിറ്റി പ്രത്യേക ക്ഷണിതാവ് സുഭാഷിണി അലി, സംസ്ഥാന സെക്രട്ടറി ലല്ലൻ ചൗധുരി, കേന്ദ്രകമ്മിറ്റിയംഗം അവധേഷ് കുമാർ, മുതിർന്ന നേതാവ് അരുൺ മിശ്ര തുടങ്ങിയവർ യാത്രയുടെ ഭാഗമായി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, എസ്‌പി നേതാവ് അഖിലേഷ് യാദവ്, കോൺഗ്രസ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, രേവന്ത് റെഡ്ഡി തുടങ്ങിയവരും പങ്കെടുത്തു.
SUMMARY: Rahul Gandhi’s voter empowerment journey concludes today