ബെംഗളൂരു: വിഷുത്തിരക്ക് പരിഗണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ. മംഗളൂരുവിൽ നിന്ന് കണ്ണൂർ – കോഴിക്കോട് – പാലക്കാട് വഴി ചെന്നൈയിലേക്കാണ് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ. കൂടാതെ മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ ഒരു വണ്‍വേ ട്രെയിനും സര്‍വീസ് നടത്തും. മധ്യവേനൽ അവധിയ്ക്ക് നാട്ടിലേക്ക് വരുന്നവർക്കും വിഷു അവധിയ്ക്കായി വരുന്നവർക്കും പ്രയോജനപ്പെടുന്ന സർവീസുകളാണിവയെല്ലാം. ട്രെയിൻ ഷെഡ്യൂളും സ്റ്റോപ്പുകളും വിശദമായി അറിയാം.
🔹എംജിആർ ചെന്നൈ സെൻട്രൽ – മംഗളൂരു ജങ്ഷൻ സ്പെഷ്യൽ 06127
ബുധനാഴ്ച രാത്രി 11.55-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് മംഗളൂരു ജങ്ഷനിൽ എത്തുന്ന രീതിയിലാണ് സ്‌പെഷ്യൽ ട്രെയിനിന്റെ (06127) സർവീസ്. വ്യാഴാഴ്ച രാവിലെ 09:32നാണ് ട്രെയിൻ പാലക്കാട് എത്തുക. തുടർന്ന് ഷൊർണൂർ 10:20, തിരൂർ 11:08, കോഴിക്കോട് 11:50, വടകര 12:33, തലശേരി 12:53, കണ്ണൂർ 01:22, പയ്യന്നൂർ 01:54, കാഞ്ഞങ്ങാട് 02:23, കാസറഗോഡ് 2:43 സ്റ്റേഷനുകൾ പിന്നിട്ടാണ് വൈകീട്ട് 04:00 മണിയ്ക്ക് മംഗളൂരുവിലെത്തുക.
🔹മംഗളൂരു ജങ്ഷൻ- ചെന്നൈ എഗ്മോർ സ്‌പെഷ്യൽ 06128
ഏപ്രിൽ ഒൻപത് വ്യാഴാഴ്ച മംഗളൂരു ജങ്ഷൻ- ചെന്നൈ എഗ്മോർ സ്‌പെഷ്യൽ ട്രെയിനും(06128) സർവീസ് നടത്തും. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ചെന്നൈ എഗ്മോറിലെത്തും. കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസറഗോഡ് എന്നിവിടങ്ങളിൽ ഈ ട്രെയിനുകൾക്ക് സ്‌റ്റോപ്പുണ്ട്. രണ്ട് എസി ടൂ ടയർ, രണ്ട് എസി ത്രീടയർ, 10 സ്ലീപ്പർ ക്ലാസ്, നാല് ജനറൽ കോച്ചുകളുമായാണ് സർവീസ്. ബുധനാഴ്ച ഉച്ചയോടെ റിസർവേഷൻ ആരംഭിക്കും.
🔹ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രൽ 06153
ഏപ്രിൽ 10 വെള്ളിയാഴ്ച വൺവേ സ്‌പെഷ്യലായി സർവീസ് നടത്തുന്ന ഈ ട്രെയിൻ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചെന്നൈ എഗ്മോറിൽനിന്ന് തിരിക്കും. ശനിയാഴ്ച രാവിലെ 6.55-ന് മംഗളൂരു സെൻട്രലിൽ എത്തും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് റിസർവേഷൻ ആരംഭിക്കുന്ന ഈ ട്രെയിനിൽ രണ്ട് എസി ടൂ ടയർ, രണ്ട് എസി ത്രീടയർ, 10 സ്ലീപ്പർ ക്ലാസ്, നാല് ജനറൽ കോച്ചുകളുണ്ട്. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസറഗോഡ് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.
🔹മംഗളൂരു-തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ ട്രെയിൻ-06041
ഏപ്രിൽ 11 ശനിയാഴ്ച മംഗളൂരു ജങ്ഷനിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സ്‌പെഷ്യൽ സർവീസ് നടത്തും. മംഗളൂരൂ ജങ്ഷനിൽനിന്ന് വൈകീട്ട് ആറുമണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ ആറരയ്ക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
🔹തിരുവനന്തപുരം നോർത്ത്- മംഗളൂരൂ സ്‌പെഷ്യൽ 06042
ഏപ്രിൽ 12 ഞായറാഴ്‌ച തിരുവനന്തപുരം നോർത്ത് – മംഗളൂരു ജംഗ്‌ഷൻ 06042 നമ്പർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. കാസറഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ ഈ രണ്ട് ട്രെയിനുകൾക്കും സ്‌റ്റോപ്പുകളുണ്ട്. റിസർവേഷൻ ഏപ്രിൽ ഒൻപതിന് രാവിലെ എട്ടുമുതൽ ആരംഭിക്കും.
🔹മംഗളൂരു സെൻട്രൽ- ചെന്നൈ എഗ്മോർ സ്‌പെഷ്യൽ-06154
ഏപ്രിൽ 15-ന് മംഗളൂരു സെൻട്രലിൽനിന്ന് ചെന്നൈ എഗ്മോറിലേക്ക് സർവീസ് നടത്തും. ഏപ്രിൽ 15-ന് വൈകീട്ട് നാലുമണിക്ക് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 10.45-ന് ചെന്നൈ എഗ്മോറിലെത്തും.
കേരളത്തിൽ കാസറഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ഏപ്രിൽ ഒൻപതിന് രാവിലെ എട്ടുമുതൽ റിസർവേഷൻ ആരംഭിക്കും.
SUMMARY: Railways announces six more special trains for Vishu; 4 services on Chennai-Mangalore route
















