കൊച്ചി: വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി. വളരെ കനത്ത വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ കേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റി. ബന്ധത്തിൻ്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടൻ്റെ അഭിഭാഷകൻ കോടതയില്‍ വാദിച്ചു.
അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാകുമോ എന്നായിരുന്നു പ്രതിഭാഗത്തിൻ്റെ ചോദ്യം. എന്നാല്‍ ലൈംഗിക ബന്ധത്തിന് സമ്മതം നേടിയത് വിവാഹം കഴിക്കാമെന്നു തെറ്റിദ്ധരിപ്പിച്ചാണ് എന്നതിനാല്‍, അത് യഥാർത്ഥ സമ്മതമായി കണക്കാക്കാൻ കഴിയില്ല എന്നതാണ് നിയമമെന്ന് പരാതിക്കാരി വാദിച്ചു.
അന്നു മുതല്‍ താൻ കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നുപോകുകയാണ് എന്ന വസ്തുത കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ സർട്ടിഫിക്കറ്റുകള്‍ പരാതിക്കാരി ഹാജരാക്കി. എല്ലാം പരിശോധിച്ച ശേഷം മറ്റന്നാള്‍ വിധി പറയാൻ ശ്രമിക്കാം എന്നാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അറിയിച്ചത്. ബുധനാഴ്ച ഉത്തരവ് ഉണ്ടായില്ലെങ്കില്‍ ഓണാവധിക്ക് ശേഷം ഉണ്ടാകൂ.
വിവാഹ വാഗ്ദാനം നല്‍കി പലവട്ടം പീഡനത്തിന് ഇരയാക്കിയെന്നാണ് യുവഡോക്ടര്‍ നല്‍കിയ പരാതി. സാമ്പത്തികമായും ചൂഷണം ചെയ്തു. ഇത് തെളിയിക്കുന്നതിനുള്ള രേഖകളും യുവതി കൈമാറിയിരുന്നു. സമാന രീതിയില്‍ ലൈംഗിക അതിക്രമം ഉന്നയിച്ച് രണ്ടു യുവതികള്‍ കൂടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരെണ്ണത്തില്‍ എറണാകുളം സെൻട്രല്‍ പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദളിത് സംഗീതത്തില്‍ ഗവേഷണം ചെയ്യാനായി വിവരം തേടി ഫോണില്‍ ബന്ധപ്പെട്ട യുവതിയെ 2020 ഡിസംബറില്‍ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി വേടന്‍ അതിക്രമം നടത്തി എന്നാണ് ഒരു പരാതി. തന്റെ കലാപരിപാടികളില്‍ ആകൃഷ്ടനായി ബന്ധം സ്ഥാപിച്ച വേടന്‍, പിന്നീട് ക്രൂരമായ അതിക്രമം നടത്തിയെന്നാണ് മറ്റൊരു യുവതിയുടെ പരാതി. രണ്ടു സംഭവങ്ങളും 2020-21 കാലഘട്ടത്തില്‍ ഉണ്ടായതാണ്.
SUMMARY: Rape case: Hearing on Vedan’s anticipatory bail plea complete, verdict on Wednesday