കൊച്ചി: റാപ്പർ വേടന് ജാമ‍്യവ‍്യവസ്ഥയില്‍ ഇളവ്. ഗവേഷക വിദ‍്യാർഥിനിയെ അപമാനിച്ചെന്ന കേസിലാണ് ഹൈക്കോടതി വേടന് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതോടെ വേടന് വിദേശ രാജ‍്യങ്ങളിലേക്ക് യാത്ര ചെയ്യാം. എന്നാല്‍ അന്വേഷണ ഉദ‍്യോഗസ്ഥൻ ആവശ‍്യപ്പെടുമ്പോൾ ഹാജരാകണമെന്നും വിദേശത്തേക്ക് പോകുമ്പോൾ അന്വേഷണ ഉദ‍്യോഗസ്ഥനെ അറിയിക്കണമെന്നും നിർദേശമുണ്ട്.
ഫ്രാൻസും ജർമനിയും അടക്കം അഞ്ച് രാജ‍്യങ്ങളിലേക്ക് പോകാൻ വ‍്യവസ്ഥ റദ്ദാക്കണമെന്നാവശ‍്യപ്പെട്ടായിരുന്നു വേടൻ കോടതിയെ സമീപിച്ചത്. അതേസമയം പരാതിക്കാരി നല്‍കിയ നോട്ടീസ് പിൻവലിച്ചു. പരാതിക്കാരി ഹാജരാക്കേണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. പരാതിയില്‍ മൊഴി നല്‍കാൻ വിളിപ്പിക്കാൻ പൊലീസിന് അധികാരമുണ്ടെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ പുറത്തുപോകുന്നതു തടയാൻ നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് പോലീസിനോട് ജസ്റ്റിസ് സി.പ്രതീപ് കുമാർ വിശദീകരണം തേടി. എറണാകുളം സെൻട്രല്‍ പോലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒയ്ക്കു മുമ്പാകെ ഹാജരായി മൊഴി നല്‍കണമെന്നായിരുന്നു യുവതിക്ക് നോട്ടിസ് നല്‍കിയത്. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ തങ്ങള്‍ ഈ നോട്ടിസ് പിൻവലിക്കുകയാണെന്നും യുവതി ഹാജരാകേണ്ടതില്ലെന്നും പോലീസ് അറിയിക്കുകയായിരുന്നു. തുടർന്ന് ഹർജിയിന്മേലുള്ള നടപടികള്‍ കോടതി അവസാനിപ്പിച്ചു.
SUMMARY: Rapper Vedan gets bail relaxation in case of insulting research student














