തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ പുതിയ ഉച്ചഭക്ഷണ മെനു ഇന്ന് മുതല്‍ നിലവില്‍ വരും. ലെമണ്‍ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങി പുതിയ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന മെനു നിർബന്ധമായും നടപ്പാക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശം. എന്നാല്‍ പരിഷ്കരിച്ച മെനു നടപ്പാക്കാനുള്ള സാമ്പത്തിക സഹായം കൂടി സർക്കാർ അനുവദിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകും. റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്ന് നിർദേശമുണ്ട്. മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കും.
ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളാകും ഉച്ചഭക്ഷണത്തിന് അർഹരാകുക. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
SUMMARY: Revised lunch menu in public schools from today