ബെംഗളൂരു: കർണാടകയിലെ കലബുറഗിയിലുണ്ടായ വാഹനാപകടത്തിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർ മരിച്ചു. കർണാടക സ്റ്റേറ്റ് മിനറൽസ് കോർപറേഷൻ (കെഎസ്എംസില്‍) എംഡി മഹാന്തേഷ് ബിലാഗിയും സഹോദനും അവരുടെ ബന്ധുവും ആണ് മരിച്ചത്. രാംദുർഗിൽ നിന്ന് കലബുർഗിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ജിവാർഗി താലുക്കിലുള്ള ഗൗനാലിയിലാണ് അപകടമുണ്ടായത്. മഹാന്തേഷും ബന്ധുക്കളും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ തലകീഴായി മറിയുകയായിരുന്നു. ഒരു കല്ല്യാണത്തിന് പോകുകയായിരുന്നു മഹാന്തേഷ് ബിലാഗിയും ബന്ധുകളും. നായ കുറുകെ ചാടിയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാർ റോഡിന്റെ മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളായ ശങ്കർ ബിലാഗി, ഈരന്ന ബിലാഗി എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ മഹാന്തേഷ് ബിലാഗിയെ കലബുറഗിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കർണാടക കേഡറിലെ 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മഹാന്തേഷ് ബിലാഗി, രാംദുർഗ് സ്വദേശിയാണ്. കെഎസ്എംസിഎല്ലിന്റെ മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുന്നതിനുമുമ്പ്, ദാവണഗെരെ ഡെപ്യൂട്ടി കമ്മീഷണർ, ബെസ്കോമിന്റെ മാനേജിംഗ് ഡയറക്ടർ എന്നിവയുൾപ്പെടെ നിരവധി പ്രധാന തസ്തികകളിൽ സേവനമനുഷ്ഠിച്ചു. സിവിൽ സർവീസിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം ധാർവാഡിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.
SUMMARY: Road accident in Kalburgi; Three people including senior IAS officer killed














