ന്യൂഡൽഹി: ഫിറോസ്പൂരിൽ ആർഎസ്എസ് പ്രവർത്തകൻ നവീൻ അറോറയുടെ കൊലക്കേസിലെ പ്രതി പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. ബാദൽ എന്നയാളാണ് മരിച്ചത്. പ്രതിയായ ബാദലിനെ മാമു ജോഹിയ ഗ്രാമത്തിൽ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. ഫാസിൽക ജില്ലയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ഫിറോസ്പൂരിലെ ബസ്തി ഭാട്ടിയൻ വാലി സ്വദേശിയായ ബാദൽ വാടക കൊലയാളിയാണ്. കേസിലെ കൂട്ടുപ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഒരു ശമ്ശാനത്തിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ മറഞ്ഞിരുന്ന ഇയാളുടെ രണ്ട് അനുയായികൾ വെടിവയ്ക്കുകയായിരുന്നുവെന്നും പോലീസ് നടത്തിയ തിരിച്ചടിയിലാണ് പ്രതി കൊല്ലപ്പെട്ടതെന്നും ഫിറോസ്പൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ഹർമാൻബിർ സിംഗ് പറഞ്ഞു. ഒരു പോലീസ് കോൺസ്റ്റബിളിന് വെടിവയ്പ്പിൽ പരുക്കേറ്റുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസ് നേതാവ് ബൽദേവ് രാജ് അറോറയുടെ മകൻ നവീൻ അറോറയെ (32) നവംബർ 15 ന് വൈകുന്നേരം ഏഴോടെ മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോകുമ്പോൾ ബാദലും കൂട്ടാളിയും തടഞ്ഞുനിർത്തി വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് കേസ്.
SUMMARY: RSS activist murdered; accused dies in police encounter














