ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്ര നാടകോത്സവത്തിൽ വടകര മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ അവതരിപ്പിച്ച ‘മുട്ട’ എന്ന നാടകം ഒന്നാം സ്ഥാനം നേടി. വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നോളജിക്കൽ മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന നാടകോത്സവത്തിൽ 12 നാടകങ്ങളെ പിന്നിലാക്കിയാണ് ജേതാക്കളായത്. മികച്ച രചനയ്ക്കും സംവിധാനത്തിനുമുള്ള പുരസ്‌കാരവും ‘മുട്ട’ നേടി. ജിനോ ജോസഫിനാണ് രണ്ടു പുരസ്കാരവും.
ആര്‍ത്തവവുമായി ബന്ധപ്പെട്ട വിഷയമാണ് നാടകത്തിന്റെ പ്രമേയം. നാടകത്തിലെ പ്രകടനത്തിന് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥികളായ ശ്രീശൈവ് എസ്.കുമാർ മികച്ച രണ്ടാമത്തെ നടനായും, സാൻവി കൃഷ്ണ മികച്ച രണ്ടാമത്തെ നടിയായും തിരഞ്ഞെടുത്തു. നാടകം ജനുവരി ആറ്, ഏഴ് തീയതികളിൽ കൊൽക്കത്തയിൽ നടക്കുന്ന ദേശീയ ശാസ്ത്രനാടകോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
SUMMARY: Science Drama Festival: Vadakara Memunda Higher Secondary School’s ‘Mutta’ wins best play













