![]()
ചെറുകഥ ◼️ കെ. ആർ. കിഷോർ
മാങ്കുറിശ്ശിയുടെ പ്രഭാതത്തിലേക്ക് ആ വാർത്ത വീണത് ഒരു ഇടിമുഴക്കം പോലെയായിരുന്നു. മൊബൈൽ സ്ക്രീനുകളിൽ “മാങ്കുറിശ്ശിയിൽ പുലിയിറക്കം” എന്ന അക്ഷരങ്ങൾ തെളിഞ്ഞപ്പോൾ പൊതുപ്രവർത്തകൻ സുഭാഷ് ബാബു ആദ്യം കരുതിയത് അതൊരു തമാശയോ വ്യാജവാർത്തയോ ആയിരിക്കുമെന്നാണ്. എന്നാൽ, കോടാലിമലയുടെ കരിമ്പച്ച തണലിൽ നിന്ന് ഇറങ്ങി വന്ന ആ വരയൻ, സത്യമായിരുന്നു. യാഥാർത്ഥ്യത്തേക്കാൾ വേഗത്തിൽ അയാഥാർഥ്യങ്ങളും വികാരങ്ങളും വിശ്വാസങ്ങളും ഇഴചേർന്ന് പടരുന്ന ഈ സത്യാനന്തര കാലത്ത്, സത്യവും നുണയും വേർപെടുത്തിയെടുക്കുന്നത് ക്ലേശകരം. വിശ്വസിക്കാവുന്ന ഏക തെളിവ് ലഭിച്ചത് പത്രവിതരണക്കാരൻ പേപ്പർ രാജേഷിൽ നിന്നാണ്. ദൃശ്യ മാധ്യമങ്ങളിലെ വന്യജീവി ചിത്രങ്ങളിൽ മാത്രം കണ്ടു ശീലിച്ച ആ വന്യതയെ ഇന്ന് വെളുപ്പിന് പത്രവിതരണമദ്ധ്യേ പേപ്പർ രാജേഷ് തന്റെ സ്ക്കൂട്ടറിന് മുന്നിൽ കണ്ടുവെത്രെ !
ഇഞ്ചിയും വാഴയും ചേനയും വിളയുന്ന, നൂറ്റമ്പതോളം കുടുംബങ്ങളുടെ സ്വപ്നങ്ങൾ മണ്ണിൽ വേരു പിടിച്ച മാങ്കുറിശ്ശിയിൽ ഇത് ആദ്യത്തെ അതിഥിയായിരുന്നു. കറുപ്പും മഞ്ഞയും കലർന്ന ആ വരയൻ ശരീരം ഒരു മന്ത്രം പോലെ റോഡിലൂടെ ഒഴുകുകയായിരുന്നു. പേപ്പർ രാജേഷ് ശ്വാസമടക്കിപ്പിടിച്ച് ആ ‘മഞ്ഞ നിഴലിനെ’ പിന്തുടർന്നു.
ബസ് സ്റ്റാൻഡും പൊട്ടൻകടവ് പാലവും പിന്നിട്ട്, സെന്റ് ആന്റണീസ് പള്ളിക്ക് മുന്നിലെത്തിയപ്പോൾ പുലി ഒന്നുനിന്നു. ഒരു ഗതകാലസ്മൃതി അയവിറക്കിക്കൊണ്ട് പള്ളിമുറ്റത്തേക്ക് തലനീട്ടി നോക്കി, മുഖഗൗരവം നിലനിർത്തിക്കൊണ്ടു, അവഗണനയുടെ പ്രതികരണമായി ഒന്നിരുത്തി മൂളി, മുന്നോട്ട് നീങ്ങി. തൽക്കാലം വിടുന്നു, മനസ്സിൽ കുറിച്ചിട്ടിട്ടുണ്ട് എന്നാണോ ആ മൂളലിന്റെ ധ്വനി?.
മഹാവിഷ്ണുവിന്റെ ക്ഷേത്രകുളക്കടവിൽ കാലുകൾ കഴുകി, ശ്രീകോവിലിന് നേരെ പിൻകാലുകളിൽ നിവർന്നുനിന്ന്, അടിമുടി ഭക്തിയിൽ ലയിച്ചു നിൽക്കുന്ന രീതിയിൽ ഒരു നിമിഷം പ്രാർത്ഥിച്ചു. മുസ്ലിംപള്ളിക്ക് സമീപമെത്തിയപ്പോൾ ആ ചലനങ്ങളിൽ ഒരു അസ്വാസ്ഥ്യം നിഴലിച്ചു, അസഹിഷ്ണുതയും വെറുപ്പും വിദ്വേഷവും മുഖഭാവങ്ങളിൽ പ്രത്യക്ഷത്തിൽ തന്നെ പ്രകടമായി, താളാത്മകമായി മുന്നോട്ടൊഴുകുകയായിരുന്നു…
അങ്ങാടിയിൽ ഇടത്തെ വരിയിൽ അവസാനം, ഇബ്രാഹിംകുട്ടിയുടെ മീൻകട, തൊട്ടടുത്ത് അബ്ദുൾ സിറാജിന്റെ മട്ടൻസ്റ്റോൾ. എതിർവരിയിൽ കൊച്ചൗസേപ്പിന്റെ “ബിരിയാണി ഹോട്ടൽ”. മീൻ കടയുടെയുടേയും ബിരിയാണി ഹോട്ടലിന്റേയും മദ്ധ്യത്തിൽ ഇറച്ചിയുടെയും മീനിന്റെയും ഗന്ധം തളം കെട്ടിനിൽക്കുന്ന ഇടമാണ് പുലിക്ക് പ്രിയമായത്. പുലിയുടെ നടത്തത്തിനു ബ്രെക്ക് വീണു, അങ്ങാടിയുടെ ഹൃദയഭാഗത്ത് ആ വന്യത വിശ്രമിക്കാനിടം തെരഞ്ഞെടുത്തു.
പേപ്പർ രാജേഷ് പകർത്തിയ വാർത്ത, ഫോണിലൂടെ കാട്ടുതീയായി ആളിക്കത്തിപ്പടർന്നു. ഏഴുമണിക്ക് പലചരക്കു കട തുറക്കാനെത്തിയ കടയുടമ കിഴക്കേപ്പാട്ട് പ്രകാശനും, സഹായി ദാസനും കണ്ടത് അങ്ങാടിയുടെ ഒത്തനടുവിൽ, ആ പ്രദേശത്തിന്റെ മുഴുവൻ ആധിപത്യമുറപ്പിച്ചു കിടക്കുന്ന മൃഗരാജനെയാണ്. ഭയം പുരണ്ട വാക്കുകളോടെ കിഴക്കേപ്പാട്ട് പ്രകാശന്റെ കാതിൽ വിറയലോടെ ദാസൻ പറഞ്ഞൊപ്പിച്ചു:
“അയ്യോ, ദാ പുലി!” പുലിയുടെ കിടപ്പുകണ്ടു പ്രകാശൻ ഒരു നിമിഷത്തേക്ക് വടിയായി. പിന്നെദൂരേക്ക് മാറി നിന്നു, അയാൾ പുലിയെ ശ്രദ്ധിച്ചു.
പുലിയുടെ കണ്ണുകളിൽ പ്രകടമായ ഭീകരതയില്ല, മറിച്ച് ഗൗരവം പൊതിഞ്ഞ ഒരു ശാന്തതയായിരുന്നു. താൻ ഇവിടെയുണ്ട് എന്ന പ്രഖ്യാപനത്തിന്റെ സൂചന ആ കിടപ്പിലുണ്ടായിരുന്നു. പല വേഷങ്ങൾ ആടുന്നതിൽ ഇതൊരു വേഷം മാത്രം, അദ്ദേഹം പലതും വിനിമയം ചെയ്യാൻ ശ്രമിക്കുന്നു ണ്ടായിരുന്നു.
നാടിളകി. ഭീതിയുടെ കൂട്ടമണികൾ പള്ളിയിൽ മുഴങ്ങി. ആണുങ്ങൾ വടിയും വടിവാളുമായി അങ്ങാടിയിലേക്ക് പ്രവഹിച്ചു. പെണ്ണുങ്ങൾ കുറ്റിക്കോലും വെട്ടുകത്തിയുമെടുത്ത് വസ്ത്രം മടക്കിക്കുത്തി മുന്നോട്ട് കുതിച്ചു. അങ്ങാടിക്കുള്ളിൽ അനന്തശയനത്തെ ഓർമ്മിപ്പിക്കുന്ന കിടപ്പായിരുന്നു അവർ കണ്ടത്. വന്നവരെല്ലാം ആ വന്യജീവിയുടെ കിടപ്പിന്റെ ഭൂമശാസ്ത്രം എന്തായിരിക്കാം എന്നാലിചിച്ചു കൊണ്ടു അകലേക്ക് മാറി നിൽക്കുമ്പോൾ സുഭാഷ് ബാബുവും അവരോടൊപ്പം കൂടി. എല്ലാവരും അദ്ദേഹത്തിന്റെ ഓരോ അവയവങ്ങളും ആപാദചൂഡം നിരീക്ഷിച്ചു നിന്നു. പുലി എല്ലാവരേയും ഒന്ന് ശാന്തമായി നോക്കി അനങ്ങാതെ കിടന്നു. ജോലിയും കൂലിയുമില്ലാത്തവർ ചിലർ അവിടെ തന്നെ നിന്നു, മറ്റുള്ളവർ നിമിഷങ്ങൾക്ക് ശേഷം തിരിച്ചുപോയി. അന്തരീക്ഷത്തിൽ പൂത്ത പാലയുടെ ഗന്ധത്തിനൊപ്പം വരാനിരിക്കുന്ന ഏതോ ദുരന്തത്തിന്റെ ഗന്ധവും കലരുന്നതാരും തിരിച്ചറിഞ്ഞില്ല.
നാട്ടിൽ ഭീതിയും ആശങ്കയും വളരുകയായിരുന്നു. വനവാസം അസഹ്യമായതോ, നാട്ടിലൊരു സന്ദർശനം നടത്തി തിരിച്ചുപോകാൻ വന്നതോ? അപകടകാരിയായ ഈ വന്യജീവി ഇവിടെയിങ്ങനെ കിടന്നാൽ ജനജീവിതം താറുമാറാവില്ലേ ? അധികാരികൾ ഇതിനൊരു പരിഹാരം കാണുമോ? ചോദ്യങ്ങളും ഉത്തരങ്ങളും ഉയർന്നുവന്നു ആകാശത്തിൽ ലയിച്ചു.
മേപ്പയ്യൂർ മിത്രാനന്ദൻ നമ്പൂതിരി കവടി നിരത്തി, നിഗൂഢമായ വസ്തുതകൾ സംസ്കൃതത്തിൽ തെളിഞ്ഞപ്പോൾ അവയെ വിവർത്തനം ചെയ്ത് വാട്സ് ആപ്പിൽ പ്രക്ഷേപണം ചെയ്തു:
“പ്രസ്തുതമൃഗം ശബരിമല ധർമ്മശാസ്താവിന്റെ അവതാരമായ പുലിവാഹനമാണ്. പുലി ഇരിക്കുന്നയിടത്തിൽ നൂറ്റാണ്ടുകൾക്കു മുമ്പ് ഒരു “അയ്യപ്പൻകാവു”ണ്ടായിരുന്നു. ഇന്നതൊരു ശുദ്ധിരഹിതമായ ചന്തയാണെങ്കിലും, വാസ്തവത്തിൽ അതൊരു പുണ്യസ്ഥലമാണ്, നാട്ടുകാരുടെ പുണ്യം ! “
ആനന്ദാശ്രമത്തിലെ സീതാനന്ദ സ്വാമികൾ സമയവേഗത്തിൽ കുതിച്ചെത്തി, പുലിസമക്ഷം കൈകൂപ്പി, പ്രഖ്യാപിച്ചു:
“ഇദ്ദേഹം കേവലമൊരു മൃഗമല്ല, ധർമ്മശാസ്താവിന്റെ ദിവ്യചൈതന്യമുള്ള അവതാരമാണ് “
സ്വാമികൾ ആദരവോടെ, ബാഗിൽ നിന്നു ചന്ദനത്തിരിയെടുത്തു കത്തിച്ചു, പുലിയുടെ തലയ്ക്കു ചുറ്റും മൂന്നുതവണ ചുറ്റി. കരുത്തിന്റെ ദൃശ്യരൂപമായി കിടക്കുന്ന ശരീരത്തിൽ തീർത്ഥം തെളിച്ച ശേഷം, ബാഗിലെ കുപ്പിതുറന്നു, ഗുഹപോലെ തുറന്ന പുലിവായിലേക്ക്, പാലൊഴിച്ചുകൊടുത്തു, പൂജാന്ത്യത്തിൽ കർപ്പൂരം കത്തിച്ച് സീതാനന്ദ സ്വാമികൾ ശരവേഗത്തിൽ അപ്രത്യക്ഷനായി.
പാരച്യൂട്ടിനെ അനുസ്മരിക്കും വിധം ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും നിമിഷങ്ങൾക്കകം ലാൻഡ് ചെയ്തു. പുലിക്ക് ചുറ്റും വടം കെട്ടി സുരക്ഷിതമാക്കി. ഉദ്യോഗസ്ഥർ പുലിയെ ഓമനിച്ചു വിളിച്ചു
“മനുഷ്യത്വമുള്ള പുലി”.
പുലി അവരെ നോക്കി വലത് കൈ ഉയർത്തി ആശിർവദിച്ചപ്പോൾ, ആ ഭീകരമായ ചുണ്ടുകളിൽ മന്ദഹാസം വിരിയുന്നതായി അവർക്കനുഭവപ്പെട്ടു.
ഭയന്ന് അല്പം അകന്നു മാറി നിന്നിരുന്ന ഇബ്രാഹിംകുട്ടിയും സിറാജും കൊച്ചൗസേപ്പും കട തുറക്കാനായി പുലിയുടെ മുന്നിലൂടെ നടന്നപ്പോൾ, ഭാവം മാറിയ പുലി അതിരൂക്ഷമായി അവരെ നോക്കി മുരണ്ടു, കിടന്ന കിടപ്പിൽ ആ ശരീരമാകെ തിളച്ചുമറിഞ്ഞു. പുലിയലർച്ചയിൽ ആ ഗ്രാമം മുഴുവൻ ഞെട്ടിവിറച്ചു. മേൽച്ചുണ്ടിൽനിന്നു ഇരുവശങ്ങളിലേക്കും നിൽക്കുന്ന മീശരോമങ്ങൾ വടി പോലെനിന്നു, വിറച്ചു. ആ കണ്ണുകളിൽ തെളിഞ്ഞത് ചോര തിളയ്ക്കുന്ന ക്രൂരതയായിരുന്നു. അധികാരികൾ അവതാരമായി ആദരിക്കുമ്പോൾ, സാധാരണക്കാരുടെ ഉപജീവനം ആ മുരൾച്ചയ്ക്ക് മുന്നിൽ നിലച്ചുപോയി.
അമ്പലക്കമ്മിറ്റി പ്രസിഡന്റ് ദേവനാരായണന്റെ മുന്നിൽ ‘പുലിയിറക്കം’ ഒരു സുവർണ്ണാ വസരമായി ‘പുതിയ സാധ്യത’ തെളിഞ്ഞു. പറന്നു വന്നയാൾ അങ്ങാടിയുടെ ഹൃദയത്തിൽ നിന്ന് പ്രസംഗിച്ചു:
“ദേശവാസികളേ, ഭയപ്പെടാനില്ല. ഇദ്ദേഹമൊരു സാധാരണ പുലിയല്ല, ദൈവീക സിദ്ധികളുടെ അവതാരമാണ്. ആ മുഖമൊന്ന് ശ്രദ്ധിക്കൂ. ശാന്തസമുദ്രം പോലുള്ള പ്രശാന്തതയല്ലേ അവിടെ നൃത്തം ചെയ്യുന്നത്.! ആ മുഖത്തു വിളയാടുന്ന അഴകും ചൈതന്യവും ശ്രദ്ധിച്ചുവോ? ഇവിടേക്കുള്ള അവതാരോദ്ദേശ്യം, ഇന്നാട്ടുകാരുടെ സൗഭാഗ്യമാണ്.എന്തെങ്കിലും ഒരു അവതാര ദൗത്യമില്ലാതെ, ഒരു അവതാരവും ഒരു കർമ്മവും ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ ജന്മദൗത്യസാഫല്യത്തിനായി നമ്മൾ ശ്രദ്ധിക്കണം. ഈ ശാന്തത, ഇരുട്ടാവാൻ കേവലമൊരു നിമിഷം മതി, പിന്നെ പ്രശ്നമാവും. അഹിതമായ യാതൊരനക്കവും ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവരുത്. എല്ലാവരും അദ്ദേഹത്തെ പൂജിക്കുന്നതു നല്ലതാണു. ഭക്തിയുണ്ടാവണം, പൂജിക്കുന്ന വരെ ആരും ഉപദ്രവിക്കില്ല. നട്ടെല്ല് വളയ്ക്കുന്നതും വണങ്ങുന്നതും പാദസേവ ചെയ്യുന്നതും എതിർപ്പുകളുടെ താപമില്ലാതാക്കും. പോരാടി ജയിക്കുന്നതിനേക്കാൾ നല്ലത്, അന്തസ്സായി കീഴടങ്ങുന്നതാണ് ബുദ്ധി. ഈ കടകൾ പൊളിച്ച് അവിടെ ഒരു ക്ഷേത്രം പണിയണം.”
കാഷായധാരിയായ അമ്പലക്കമ്മിറ്റി പ്രസിഡണ്ട് കൈ ഉയർത്തി വീശി, പരിവാരങ്ങളുമായി തിരിച്ചു പോയി.കടകൾ തുറന്നെങ്കിലും കച്ചവടമൊന്നും നടന്നില്ല. അടുത്ത നാട്ടിൽനിന്നും ആളുകൾ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. പുലി കുറുകെയുള്ളപ്പോൾ ,എന്തു ചെയ്യണമെന്നറിയാതെ ഇബ്രാഹിം കുട്ടിയും അബ്ദുൾസിറാജും കൊച്ചൗസേപ്പും കടയുടെ സമീപം നിന്നു. പോലീസ് ഇൻസ്പെക്ടർ അച്ചടക്കത്തോടെ വാനിൽ നിന്നിറങ്ങി. സ്ഥലം ചുറ്റിനടന്നു വീക്ഷിച്ചശേഷം കട തുറക്കാതെ മാറി നിൽക്കുന്നവരോട് പറഞ്ഞു:
“ധൈര്യമായി പോയി കട തുറന്നോളൂ, ആരേയും പുലി ഉപദ്രവിക്കില്ല. ”
എന്നാൽ, സിറാജിനെ തലഉയർത്തി നോക്കിയശേഷം പുലി അതിരൂക്ഷമായൊന്നു മുരണ്ടു. ആ കണ്ണുകളിലെ ചോര തിളയ്ക്കുന്ന ക്രൂരതയായിരുന്നു അബ്ദുൾ സിറാജ് ശ്രദ്ധിച്ചതു. ക്രൂരതയിലെ നിഗൂഢത തിരിച്ചറിഞ്ഞ അയാൾ പോലീസിനെ നിസ്സഹായനായി നോക്കി. പുലി റേഡിയോ ആണ്, അങ്ങോട്ടൊന്നും പറഞ്ഞിട്ട് പ്രയോജനമില്ലല്ലോ. പുലിയുടെ ചെയ്തികൾ നാട്ടുകാർ അംഗീകരിക്കണം. അടുത്ത ഊഴത്തിൽ കൊച്ചൗസേപ്പ്, കടതുറക്കാൻ തുനിഞ്ഞപ്പോഴും,പുലി അയാളേയും അസുഖകരമായി നോക്കുകയാണുണ്ടായതു. ആയാളും തിരിച്ചുവന്നു.
പൊതുവായ ആവശ്യങ്ങൾ ഉന്നയിച്ച് തെരുവുയോഗങ്ങൾ നടത്തുന്നത് നിരോധിച്ചതിനെ തിരെ, പൗരാവകാശങ്ങൾ സ്ഥാപിയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആ സമയത്ത് ഒരു പൗരാവകാശ ജാഥ ആ വഴി വരുന്നുണ്ടായിരുന്നു. ജാഥ, പുലിക്കിതൊന്നുമിഷ്ടമില്ലെന്നും, അദ്ദേഹം അസ്വസ്തനും കോപാകുലനാവുമെന്നും ആശങ്കപ്പെട്ട പോലീസ്, ജാഥ തടഞ്ഞു നിർത്തി അവരുടെ മുദ്രാവാക്യം വിളി നിർത്തണമെന്നാവശ്യപ്പെട്ടപ്പോൾ, അവർ അനുസരിച്ചു. തുടർന്ന് ജാഥയെ തിരിച്ചുവിട്ടു. ആ സംഭവം ജനമനസ്സിൽ അണയാത്ത ഭീകരതയായി അനുഭവപ്പെട്ടു.
അസ്വസ്തരായ അവർ വീടുകളിലും ചായക്കടകളിലും വയലിലും ഇരുന്ന് പുലിഭീകരതയുടെ ദുരന്തങ്ങൾ ഉറക്കെയും പതുക്കെയും ചർച്ച ചെയ്തു. പൊതുചർച്ചകൾക്ക് ദിശാബോധം നൽകാൻ ശേഷിയുള്ള സ്വതന്ത്ര ചിന്തകനായ ദീപക് രവി മറ്റൊരു കാഴ്ചപ്പാടിലായിരുന്നു. അയാൾ ഉറപ്പിച്ചു പറഞ്ഞു:
“വിഡ്ഢിത്തം.. ! പുലി ഒരു ഭീകരജന്തുവാണെന്നറിയുക. എന്തൊക്കെയായാലും ഭക്തിയിലൂടെ പുലിയെ മെരുക്കാൻ ശ്രമിക്കുന്നത് യുക്തിഹീനമാണ്. ജനശ്രദ്ധ തിരിക്കാൻ സർക്കാർ ഇത്തരം സന്ദർഭങ്ങളിൽ പുലിയെ ഒപ്പം നിർത്തുന്ന തന്ത്രങ്ങൾ ഉപയോഗിക്കും, സൂക്ഷിക്കണം”
പുലിയുടെ വേഗത, ആക്രമണശേഷി,ശാരീരിക ശക്തി, വേട്ടതന്ത്രങ്ങൾ മുതലായവയെക്കുറി ച്ചെല്ലാം സുഭാഷ് ബാബു, വിശദീകരിച്ചു.അയാൾ ഉപസംഹരിച്ച് കൊണ്ട് പ്രഖ്യാപിച്ചു:
“അപകടകാരിയായ ഈ പുലിയെ തുരത്താതെ നാടിന് രക്ഷയില്ല”.
ജനമനസ്സുകളിൽ പ്രകാശം തെളിഞ്ഞപ്പോഴേക്കും, അന്തരീക്ഷത്തിൽ ഇരുട്ടു വീണു. ദീപക് രവിയും സുഭാഷും അവരോടൊപ്പമുള്ളവരും പിരിഞ്ഞു. പോലീസും ഫോറസ്റ്റ് ഗാർഡുകളും അങ്ങാടിയിൽ നിലയുറപ്പിച്ചു.
അടുത്ത പ്രഭാതം പുലർന്നത് എല്ലാവരേയും ഞെട്ടിപ്പിപ്പിച്ചുകൊണ്ടായിരുന്നു. നാട്ടുകാർക്കൊപ്പം നിന്ന ദീപക് രവിയും സുഭാഷ് ബാബുവും സ്വന്തം വീടുകളിൽ രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്നു! ഞെട്ടിത്തരിച്ച ജനം കൊലപാതകി പുലിയാണോ എന്ന് സംശയിച്ചു. ആ സംശയത്തിന്റെ മുനയൊടിച്ചുകൊണ്ടു, പോലീസും ഫോറെസ്റ്റ് ഗാർഡുകളും സ്ഥാപിച്ചു:
“പുലി എങ്ങോട്ടും പോയിട്ടില്ല, കിടന്നുറങ്ങുകയായിരുന്നു, പോലീസ് സാക്ഷി “
വൈകുന്നേരം, പോസ്റ്റുമോർട്ടം റിപ്പോർട്ടു വന്നു:
“കൊലപാതകമല്ല, ഇരുമ്പുകമ്പി കഴുത്തിൽ തറച്ചുണ്ടായ അപകട മരണമാണ് “
എന്നാൽ,പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകുന്നതിനു മുമ്പ് മൃതശരീരങ്ങൾ പരിശോധിച്ച, ഡോക്ടർ പ്രവീൺകുമാർ സത്യം വിളിച്ചുപറഞ്ഞു:
“മാരകമായ പുലിനഖമാണ് ഈ കൊലയുടെ ആയുധം. കഴുത്തിനു പിന്നിലെ സുഷുമ്നാനാഡി തകർത്തുകൊണ്ടു ഈ രണ്ട് കൊലപാതകങ്ങളും ചെയ്തത് പുലി തന്നെയാണ്, മറ്റാരുമല്ല.”!
എല്ലാവരും നടുക്കത്തോടെ അത് കേട്ടു :
പരിണിതപ്രജ്ഞനായ ഡോക്ടർ പ്രവീൺകുമാർ വ്യക്തമായ തെളിവുകളുടെ ബലത്തിലായിരുന്നു പരിശോധനാഫലം വെളിപ്പെടുത്തിയത്. ജനങ്ങൾ സർക്കാരിന്റെ ആ പോസ്റ്റ് മോർട്ടം റിപ്പോർട്ട് തള്ളിക്കളഞ്ഞു.അപ്പോഴേക്കും, ജനമനസ്സിൽ ഭയം കോടാലിമലപോലെ വളർന്നു കഴിഞ്ഞിരുന്നു. പുലി അപ്പോഴും അങ്ങാടി മദ്ധ്യത്തിൽ ശാന്തഗംഭീരനായി വിശ്രമിക്കുകയായിരുന്നു.
⏺️















