കുഴി ഡോ. എ. വി. സത്യേഷ് കുമാർ
കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിച്ച
അഖിലേന്ത്യ ചെറുകഥാ മത്സരത്തിൽ
രണ്ടാം സമ്മാനം ലഭിച്ച കഥ
പതിനെട്ടു കോൽ താഴ്ചയുള്ള പായലു പിടിച്ച കിണറിലെ തെളിമയില്ലാത്ത വെള്ളം ഏഴാം തവണ റബ്ബർ തൊട്ടിയിൽ നിന്ന് നീല പെയിൻ്റടിച്ച വീപ്പയിലേക്ക് കോരിയൊഴിക്കുമ്പോൾ കുഴിമാടത്തിലെ ആത്മാക്കൾ റെബേക്കയെ നോക്കി.
റെബേക്കാ, നിർത്തിക്കോ… വെള്ളം വലിച്ച് നിൻ്റെ നടു പൊട്ടും. ഏതെങ്കിലും കൊണമുള്ള പ്ലംബറെ വിളിച്ച് ആ മോട്ടോറും പൈപ്പും ഒന്ന് ശരിയാക്കാൻ കമ്മറ്റിക്കാരോട് പറ… അല്ലാതെ, ഇത് നടക്കില്ലെന്നേ… നെനക്കിത് എന്തിൻ്റെ കേട് ?
ശരിയെന്നു തോന്നാത്തതല്ല. ശരിയും അതാണ്. നടു പൊട്ടി താൻ കിടപ്പിലായാൽ
ആത്മാക്കൾ കുഴയുമെന്ന കാര്യം ഒറപ്പാണ്. കുന്നിൻ്റെ ഉച്ചിയിലെ പാറപ്പുറത്ത് വീഴുന്ന ചൂട് കുഴിയിൽ സമാധാനത്തോടെ ഉറങ്ങുന്നവർക്ക് പോലും സഹിക്കാൻ കഴിയുന്നില്ല. പിന്നെയല്ലേ ജീവിച്ചിരിക്കുന്ന താൻ ?
റെബേക്ക കുഴിമാടങ്ങളെ നോക്കി. ആത്മാക്കൾ കണ്ണു തുറന്ന് റെബേക്കയെ നിർന്നിമേഷം കണ്ടു. പിന്നെ അവ വീണ്ടും അടഞ്ഞു.
അവൾ തങ്ങൾ പറയുന്നത് അക്ഷരം പ്രതി അനുസരിക്കാറാണ് പതിവ്. ഇക്കുറിയും അതങ്ങനെ തന്നെ..
പന്ത്രണ്ടോളം കുഴിമാടങ്ങൾ. കഴിഞ്ഞ എട്ടൊമ്പതു മാസങ്ങളായുള്ള കണക്കാണ് അത്.
അറുപത് സെൻ്റിൽ ജാതിയും കുന്നിവാകയും പുളിയും മാവുകളും തണൽ പരത്തി പടർന്നു നിൽക്കുന്നു. അതിന് മീതെ തല പിളർക്കുന്ന വെയിൽ.
ജീവിക്കുമ്പോൾ ഒരു സ്വസ്ഥതയുമില്ലാതെ ഇരുന്നവർക്ക് അതിനു ശേഷമെങ്കിലും അല്പം ആശ്വാസം കിട്ടണമെന്ന് കരുതുന്നത് തെറ്റാണെന്ന് തോന്നിയിട്ടില്ല.
കത്തിക്കരിഞ്ഞ് വെറും ചാരമായിത്തീർന്നാൽ പിന്നെന്താത്മാവെന്ന് തോന്നാഞ്ഞിട്ടുമല്ല.
മരിച്ചാലും പോവാതെ ഭൂമിയിൽ ചുറ്റിത്തിരിയുന്നവർ ആരൊക്കെയോ ഉണ്ടെന്ന് ചിലർക്കെങ്കിലും തോന്നില്ലേ?
തനിക്ക് തോന്നിയിട്ടുണ്ടോ?
ജീവിച്ചിരിക്കുന്നുണ്ടെന്ന് തന്നെ സ്വയം തോന്നാത്തപ്പോഴാ അങ്ങനെ…
റെബേക്ക വീപ്പയിൽ നിന്ന് ചെറിയ ഒരു ബക്കറ്റിൽ വെള്ളം മുക്കിയെടുത്തു.
ശ്മശാനത്തിൽ പുതുതായി കുറച്ചു വൃക്ഷച്ചെടികൾക്കൊപ്പം ചെമ്പകത്തൈകളും വയലറ്റ് പൂക്കൾ വിരിയുന്ന വള്ളിച്ചെടികളും കൂടി നട്ടു പിടിപ്പിച്ചിട്ടുണ്ട്.
എല്ലാറ്റിനും ദിവസേന വെള്ളമൊഴിക്കണം. ഇല്ലെങ്കിൽ വാടിക്കരിയും.
ബക്കറ്റും കൈയിൽപ്പിടിച്ച് ചെമ്പകക്കുരുന്നുകളുടെ മുന്നിലേക്ക് നടന്നപ്പോൾ ഏറ്റുപറമ്പിലെ സുജാത കിണറ്റിലെറിഞ്ഞു കൊന്ന ആറു വയസ്സുകാരി ആര്യ മോളുടെ ആത്മാവ് കുഴിമാടത്തിൽ നിന്നെഴുന്നേറ്റ് റബേക്കയെ പിന്തുടർന്നെത്തി. കഴിഞ്ഞ മാസമായിരുന്നു ആര്യ മോൾ എത്തിയത്. പോസ്റ്റ്മോർട്ടം ചെയ്ത ബോഡി ആംബുലൻസിൽ നിന്നിറക്കുമ്പോൾ റബേക്ക കണ്ണു പൊത്തി.
കമ്മിറ്റിക്കാർക്ക് മുഖം കൊടുക്കാതെ അവൾ ശ്മശാനത്തിൻ്റെ മതിലിനോടു ചേർന്നുള്ള അമ്പഴത്തിൻ്റെ തടിയിൽ ചാരി നിന്നു. വേറെയും ആളുകൾ അതിൻ്റെ തണലിൽ ആര്യയുടെയും സുജാതയുടെയും കഥ പറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. റബേക്കക്ക് കാതു കൂടി അടഞ്ഞു പോകാൻ ആഗ്രഹം തോന്നി.
അവൾ ശൂന്യതയിലെന്ന പോലെ ദൂരേക്ക് നോക്കി.
സുജാതയും കിണറ്റിൽ ചാടിയിരുന്നെങ്കിലും അവൾ ആൾമറക്ക് പിറകിൽ ഭ്രാന്തമായ നിലയിൽ നിൽക്കുന്നത് ആരോ കണ്ടതു കൊണ്ട് ….
വെൻ്റിലേറ്ററിൽ നിന്ന് ആറു ദിവസം കഴിഞ്ഞ് റൂമിലേക്ക് മാറ്റിയപ്പോൾ എപ്പോഴാ ഒരിക്കൽ
അവൾ കണ്ണു തുറിച്ചു കാട്ടി ചുറ്റിലും നിന്നവരോട് പറഞ്ഞത്രെ –
ആരും രക്ഷിക്കാൻ നിക്കണ്ട. എനക്ക് പോണ്ടടുത്ത് തന്നെ ഞാൻ പോവും. നിങ്ങ നോക്കിക്കോ….
സബ് ജയിലിലേക്ക് റിമാൻഡ് ചെയ്ത് അയക്കുമ്പോഴും ഭർത്താവിനെയോ ഭർത്താവിൻ്റെ വീട്ടുകാരെയോ സ്വന്തം വീട്ടുകാരെയോ അവൾ ഓർത്തില്ല.
ശരിക്ക് ആരെയും ഓർമ്മിക്കാൻ കഴിയാത്ത വിധം അവൾ മാറിപ്പോയിരുന്നു.
റബേക്കയുടെ മുന്നിലെത്തി ആര്യമോൾ
പുഞ്ചിരിച്ചു.
അമ്മ ന്തിനാ ന്ന കെണറ്റിലെറിഞ്ഞ് കൊന്നേന്ന്
അറിയോ ആൻ്റിക്ക് ?
ഇല്ല …
റബേക്ക ഒരു കുഞ്ഞുചെമ്പകത്തിൻ്റെ തളിരിലകൾ തലോടി അതിൻ്റെ വളർച്ച പരിശോധിച്ചു.
കുറേശ്ശെയായി വെള്ളം കൊടുത്തു.
ശ്മശാനപ്പറമ്പിലെ വൃക്ഷങ്ങളുടെ ശിഖരങ്ങളെ ഉലച്ചു കൊണ്ട് ചുടുകാറ്റ് വീശി.
തണലിൽ ചിറകുകൾ കോതി മിനുക്കിക്കൊണ്ടിരിക്കുന്ന പരുന്തുകൾ ഇര അടുത്തെങ്ങാനുമുണ്ടോ എന്ന് പരതി താഴേക്ക് തന്നെ നോക്കിയിരുന്നു
അമ്മക്ക് വീട്ട്ന്ന് കൊറേക്കാലായി ഉറങ്ങാൻ പറ്റീട്ട് ല്ല…ഞാനുണ്ടായിട്ട് രണ്ടരക്കൊല്ലം കഴീമ്പം അച്ഛൻ മടങ്ങിപ്പോയില്ലേ, ഗൾഫിലേക്ക്. അച്ഛന് അമ്മേനെ സംശയാ ര്ന്നു… അമ്മേടെ ഫോണൊക്കെ എടക്കിടെ എടുത്തു നോക്കും…. ജോലിക്കും പൂവാൻ വിട്ട്റ്റ്ല്ല…അച്ഛൻ മാത്രല്ല, അമ്മാമ്മേം … ഈട്ത്തപ്പണി മുഴോൻ പേറാൻ നിൻ്റെ അങ്ങ്ട്ട്ന്ന് ആരേങ്ക് ലും കൊണ്ടന്നിനോടീ. . . ന്ന് അമ്മാമ്മ എപ്പഴും പറേം…അങ്ങനെ ഓരോന്ന് ഓരോന്ന് ഓരോ ദിവസൂം…
വെയിൽനാളങ്ങളിലൂടെ പറന്ന് വന്ന് പുൽത്തുമ്പുകളിൽ ഏതോ വലിയ ആശങ്കയോടെ വേഗത്തിൽ അതുമിതും കൊത്തിപ്പെറുക്കി നടക്കുന്ന ബുൾബുൾ പക്ഷികളെ കണ്ടപ്പോൾ ഒറ്റശ്വാസത്തിൽ പറഞ്ഞു കൊണ്ടിരുന്നതെല്ലാം അവൾ നിർത്തി.
അവൾ പിന്നെ ആലോചിച്ചു.
പക്ഷിയായി ജനിച്ചാ മതിയാര്ന്നു… അങ്ങനെയാവുമ്പോ
അമ്മയോ അമ്മാമ്മയോ അച്ഛനോ ആരായാലും കിണറ്റീക്കൊണ്ടിട്ടാലും പാറി രക്ഷപ്പെടാല്ലോ !!!
അവൾ റബേക്കയോട് ചെമ്പകത്തൈകളൊക്കെ രാത്രിയിൽ വന്നു നോക്കാമെന്ന് പറഞ്ഞ് ചിരിച്ചു കൊണ്ടോടി
കുഴിമാടത്തിൽ മറഞ്ഞു.
ആറു വയസ്സുകാരി ആര്യ ഓടി വന്ന് മണ്ണോട് ചേർന്നു കിടക്കുന്നത് മിലിട്ടറിയിൽ നിന്ന് പെൻഷൻ പറ്റി പിരിഞ്ഞ തൊണ്ണൂറു വയസ്സുള്ള വിജയേട്ടനും അറുപത്തിയേഴു വയസ്സുള്ള വീട്ടമ്മ ഭവാനിയേച്ചിയും എൺപത്തിനാലു വയസ്സുള്ള കാർ മെക്കാനിക്ക് മോഹനേട്ടനും ഏറ്റുപറമ്പ് എൽ പി സ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത എഴുപതു വയസ്സുള്ള കാർത്ത്യായനി ടീച്ചറും വിങ്ങലോടെ കണ്ടു നിന്നു.
ആരോടും പറയാനാവാത്തതും പങ്കിടാത്തതുമായ ഒരു സങ്കടം കൂട്ടത്തിൽ കാർത്ത്യായനി ടീച്ചർക്കു തന്നെയായിരുന്നു.
അവർക്കു കുട്ടികളില്ലായിരുന്നു. അതു കൊണ്ടു തന്നെ ടീച്ചർ എല്ലാ രാത്രികളിലും ആര്യയുടെ കൈയും പിടിച്ച് ശ്മശാനത്തിനു ചുറ്റും കഥകൾ പറഞ്ഞു നടന്നു. ഇടയ്ക്ക് അവൾക്ക് പാട്ടുപാടിക്കൊടുത്തു. രാത്രിയിലെ മഞ്ഞു വീണ് നനഞ്ഞ ശ്മശാനത്തിലെ പുൽത്തലപ്പുകൾ കമ്പു കൊണ്ട് വകഞ്ഞു മാറ്റി മണ്ണിൽ അക്ഷരങ്ങൾ എഴുതിക്കൊടുത്തു.
കാർത്ത്യായനി ടീച്ചർ വീണ്ടും ഏറ്റുപറമ്പ് എൽ പി സ്കൂളിലെ ടീച്ചറായി മാറി.
ആ സ്കൂളിൽ ചേരാനിരിക്കെയായിരുന്നു,
ആര്യയെ സുജാത കിണറ്റിലെറിഞ്ഞ്…
ആര്യയെ കാർത്ത്യായനി ടീച്ചർ സന്തോഷപൂർവം ഒന്നാം ക്ലാസിൽ ചേർത്തു.
അവൾ മിടുക്കിയായിരുന്നു.
റബേക്ക അരയിൽ തിരുകിയ താക്കോൽക്കൂട്ടം തപ്പിയെടുത്തു. ചെറിയ ബക്കറ്റ് കിണറ്റിൻ്റെ കരയിൽ നിന്ന് സ്റ്റോർ റൂമിൽ എടുത്തു വെച്ചു. തുറന്നു കിടന്ന അതിൻ്റെ ഗ്രില്ല് പൂട്ടി. വൈകിട്ടും വരണം. നനയ്ക്കണം.
ഇനി മോട്ടോറും പൈപ്പും നന്നാക്കാൻ ഒരു പ്ലംബറേം തപ്പി നടക്കണം. കമ്മിറ്റീലെ
ശിവദാസനോ അജയനോ ആരാന്ന് വെച്ചാ വിളിക്കട്ടെ. പ്ലംബർ വന്ന് അത് ശരിയാക്കിത്തന്നില്ലേല് നാളെ മുതല് ഇങ്ങോട്ട് വരണ്ടാന്ന് വെക്കണം.
റബേക്ക പല്പു കടിച്ചു.
അവൾ എന്നാൽ എന്തോ ഓർത്തു.
വന്നില്ലെങ്കിൽ കുഴിമാടങ്ങൾ, അതിലെ ആത്മാക്കൾ – ആരാണ് അവർക്ക് കൂട്ടിനുണ്ടാവുക?
താനല്ലാതെ ?
റബേക്ക വെറുതെ ചിരിച്ചു.
അവരെ ആർക്കും ഇനി വേണ്ടി വരില്ലല്ലോ. എങ്കിലും തനിക്കു വേണം. കാരണം,
അവരോടല്ലേ ഇത്രയും കാലമായി തൻ്റെ ജീവിതത്തെപ്പറ്റി അർത്ഥമില്ലാതെ പറഞ്ഞു കൊണ്ടിരിക്കുന്നത്?
അവരോട് മാത്രല്ലേ താൻ മനസ്സു തുറക്കുന്നത്?
അവരോടല്ലേ താൻ പിണങ്ങുകയും വീണ്ടും ആഴത്തിൽ ഇണങ്ങുകയും ചെയ്യുന്നത് ?
അതു കൊണ്ട് പ്ലംബർ വന്നാലും ഇല്ലെങ്കിലും താനിങ്ങോട്ട് വരും.
റബേക്ക നടന്നു. താക്കോൽക്കൂട്ടം ഒരിക്കൽ കൂടി കൈയിലെടുത്തു.
ശ്മശാനത്തിൻ്റെ ഗേറ്റ് പൂട്ടി.
കുഴിമാടങ്ങളും ആത്മാക്കളും ഗേറ്റിന് പിറകിലായി.
കുഴിയിൽ നിന്ന് ആരോ ഒരാൾ നിലവിളിച്ചു.
റബേക്ക സംശയിച്ചു.
ഭവാനിയേച്ചി ?
മോഹനേട്ടൻ?
അതോ ഇവരാരുമല്ലാത്ത മറ്റൊരാളോ ?
മരപ്പടർപ്പുകളിൽ കാരണമില്ലാതെ മുടിക്കെട്ടുലച്ച് കാറ്റും കരയാൻ തുടങ്ങി.
കണ്ണുനീർത്തുള്ളികൾ കുഴിമാടങ്ങൾക്ക് മീതെ വീണലിഞ്ഞു.
ശ്മശാനത്തിൻ്റെ ചുറ്റുമതിലിനരികിലുള്ള വീതി കുറഞ്ഞ റോഡിലൂടെ മുന്നോട്ട് നടക്കുമ്പോൾ റബേക്ക ഓർമ്മിച്ചു: കുഴിമാടങ്ങളിൽ നിന്ന് തനിക്ക് രക്ഷയില്ല.
താൻ ചെന്നില്ലെങ്കിലും തന്നെയത് തേടി വരും.
ഇപ്പോൾ ഈ നടത്തം ചെന്നവസാനിക്കുന്നതും മറ്റൊരു കുഴിയിലാണ്. ഒരിക്കലും മണ്ണിട്ടു മൂടാത്ത തുറന്നു തന്നെ കിടക്കുന്ന വലിയ ഒരു കുഴി.
ശ്മശാനത്തിന് മുന്നിൽ കാണുന്ന വഴിയിലൂടെ മുക്കാൽ കിലോമീറ്റർ നടന്നാൽ ആ കുഴിയിലെത്തും.
ശവത്തെ നേരത്തെ കാലത്തെ കെട്ടിയെടുത്തോ എന്ന് ചോദിക്കും മുമ്പിൽ കണ്ടാൽ അയാൾ.
ഇലക്ട്രിക് കമ്പിയിൽ ശരീരം ഉരസി ചത്തുമലച്ച ഒരു നരിച്ചീറിൻ്റെ കണ്ണുകൾ തൻ്റെ മുന്നിൽ വലുതായി വലുതായി വരുന്നത് പോലെ റബേക്കക്ക് തോന്നി.
മഞ്ഞപ്പ് കലർന്ന കണ്ണുകൾക്ക് അയാളുടെ ഛായ പറയാം.
ആർത്തി കലർന്ന ദാഹത്തോടെ അവ എന്നും ചോദിക്കും: ശവങ്ങൾക്ക് കൂട്ടിരിക്കുന്ന മറ്റൊരു ശവമേ, കത്തിക്കാനായില്ലേ ? കുഴിച്ചിടാനായില്ലേ, നിന്നെയും?
കാഴ്ചയും ഓർമ്മയും മറച്ച് ഈ നരിച്ചീറ് തലക്ക് മുകളിൽ വട്ടമിട്ട് പറക്കാൻ തുടങ്ങിയത്..
റബേക്ക ഓർത്തെടുക്കാൻ തുടങ്ങി.
കുഴിമാടങ്ങളിൽ നിന്ന് ഒന്നിച്ചൊരു നിശ്വാസമുയർന്നു.
ഈ പെണ്ണ് ..ഇവൾക്കിത്.. എന്തിൻ്റെ കേട്?
ഓരോന്ന് ഓരോന്ന് ഓർത്തെടുക്കുന്നു…
കത്തിച്ചു കത്തിച്ചു മുന്നേറുമ്പോൾ ഓർമ്മയുടെ ഓരോ അണുവും ഇല്ലാതാവുന്നതോർത്ത് എത്രയാശ്വാസം കൊണ്ടിരിക്കുന്നു?
ഇവളെല്ലാം വീണ്ടെടുക്കും. വീണ്ടും ഓർമ്മിപ്പിച്ച്, വീണ്ടും ….
വഴിക്കിരുവശവുമുള്ള മരച്ചാർത്തുകൾ പോലും പുകഞ്ഞു കത്തുന്ന വിധത്തിൽ ഉച്ച പുതുതായി വന്നെത്തിയ ചിത പോലെ ഉഗ്രമായി എരിഞ്ഞു തുടങ്ങി.
റബേക്കാ, നിന്നെ ഈ നേരത്ത് വഴിയിൽ കാണുമ്പോൾ ആളുകളുടെ ഉള്ളിൽ എന്താവും ഉണ്ടാവുക? ഇനി ഈ നേരത്തല്ലെങ്കിൽക്കൂടിയും?
അവർ എന്നും മറക്കാൻ ആഗ്രഹിക്കുന്ന, ഓർമ്മിക്കാതിരിക്കാൻ ഇഷ്ടപ്പെടുന്ന ഒരിടത്തിൻ്റെ സൂക്ഷിപ്പുകാരിയാണ് താൻ.
പരമാവധി മുമ്പിൽ വരാതിരുന്നു കൂടേ? വഴിയുണ്ടെങ്കിൽ മാറി സഞ്ചരിച്ചു കൂടേ?
ഇതുകൊണ്ടൊക്കെത്തന്നെയാവാം, മൂടാൻ കഴിയാത്ത വലിയ കുഴിയിലേക്ക് വരുമ്പോൾ അയാളും തന്നെ അകറ്റി നിർത്തുന്നത്.
ആ കുഴിയിലേക്ക് ആരാണ് ആദ്യം അകപ്പെട്ടത്? താനോ ? അയാളോ?
കുന്ന് തുടങ്ങുന്നതിന് മുമ്പായി ചെരിവിൽ കശുമാവിൻകൂട്ടങ്ങൾക്കു മദ്ധ്യത്തിൽ കുഴിയിലകപ്പെട്ടതു പോലുള്ള അഞ്ചാറ് സെൻ്റ് പറമ്പുണ്ട്, തനിക്ക്.
തകരത്തകിടുകൾ കൊണ്ട് മേഞ്ഞ ഒറ്റമുറി ഷെഡ്ഡു മാറ്റി അതിൽ ചെറിയൊരു കോൺക്രീറ്റു പുര കെട്ടിത്തരാൻ സഹായിക്കണമെന്ന് പറഞ്ഞ് പഞ്ചായത്തിൽ അപേക്ഷ കൊടുക്കാൻ പോയി വൈകിട്ട് തിരിച്ചെത്തുമ്പോൾ അയാളുണ്ട്, ഉച്ചയ്ക്ക് ശേഷം വന്ന കാറ്റിൽ ഒണക്കിലകൾ നിറയെ വീണു കിടക്കുന്ന മുറ്റത്ത്.
അതൊന്നടിച്ചു വാരാൻ ചൂല് തേടി കണ്ണു പോവുമ്പോൾ അയാൾ ചോദിച്ചു: റബേക്കയല്ലേ?
അല്ലെന്ന് പറയാൻ മനസ്സു വന്നില്ല. മുറ്റത്തു വന്നു നിൽക്കുന്ന അപരിചിതനെ ചൂലു തേടിപ്പോയ കണ്ണുകൾ അളന്നു. ചാരനിറത്തിലുള്ള ജീൻസും അയഞ്ഞു തൂങ്ങിയ ഫുൾ സ്ലീവ്ഷർട്ടും. അത്രയൊന്നും ആകർഷകമല്ലെങ്കിലും കുഴപ്പക്കാരനല്ലെന്നു തോന്നിക്കുന്ന മുഖം. നീണ്ടു വരുന്ന താടിരോമങ്ങൾ.
റബേക്ക തന്നെ. ആരാന്ന് മനസ്സിലായില്ല…
വാർഡ് മെമ്പറ് ഭാർഗവേട്ടൻ പറഞ്ഞിട്ട് വന്നതാ… വഴിയൊക്കെ മെമ്പറ് പറഞ്ഞ് തന്നു…
കൊട്ത്ത ചെല കടലാസില് ഒപ്പിടാൻ മറന്നത് കൈയോടെ ഒപ്പിട്ട് കൊണ്ടരാൻ പറഞ്ഞു വിട്ടതാ.. ന്നെ… – ബെഞ്ചമിൻ. താഴത്തല ബെഞ്ചമിൻ…
അയാളുടെ അതിവിനയം അന്ന് റബേക്കയുടെ കണ്ണുകളിൽപ്പെടാതെയിരുന്നില്ല.
മുറ്റത്തിന് കുറച്ചകലെയായി ബെഞ്ചമിൻ ഓടിച്ചു വന്ന ജെ.സി. ബി. ഒടിഞ്ഞു തൂങ്ങിക്കിടന്ന കൈകളുമായി മണ്ണിൽ മുഖം ചേർത്തു നിന്നു.
പത്രക്കടലാസിൽ ചുരുട്ടിയെടുത്ത അപേക്ഷ ബെഞ്ചമിൻ നീട്ടി. അയാളുടെ കൈയിൽ മണിക്കൂറ് വെച്ച് മണ്ണ് മാന്തിയെടുത്തതിൻ്റെ കണക്ക് എഴുതാൻ പതിവായി ഉപയോഗിക്കാറുള്ള ഒരു ബോൾ പോയിൻ്റ് പേന ഉണ്ടായിരുന്നു. ഏതൊക്കെയോ ദേശങ്ങളിലെ പൊടിമണ്ണ് പറ്റിയത്. അയാൾ അത് റബേക്കക്ക് നൽകി.
റബേക്ക ഓർമ്മിച്ചു: താഴത്തല ബെഞ്ചമിൻ്റെ ജെ സി ബി കുന്നിൻ്റെ ചെരിവുകളിൽ പലതവണ കയറിയിറങ്ങി. അയാൾ മുറ്റത്ത് പലപ്പോഴായി എത്തുകയും കിണറ്റിൻ കരയിലെ തുരുമ്പെടുക്കാൻ തുടങ്ങിയ കപ്പി കര കരാന്ന് ഒച്ചയെടുക്കുന്ന തരത്തിൽ താഴേക്കിടുകയും തൊട്ടിയിലെടുത്ത പച്ചവെള്ളം കൈകളിൽ കോരി ആവോളം മോന്തിക്കുടിക്കുകയും ചെയ്തു.
ബെഞ്ചമിൻ പതിമൂന്നാം വാർഡിലായിരുന്നു. അയാൾ അന്ന് പഞ്ചായത്തിലെത്തിയത് തന്നെപ്പോലെയും ഓരോ മനുഷ്യരെപ്പോലെയും ജീവിതത്തിൽ മാറ്റി വെക്കാൻ കഴിയാത്ത ചില ആവശ്യങ്ങൾ നേടിയെടുക്കാൻ തന്നെയായിരിക്കണം. അങ്ങനെ തന്നെയാണ് വാർഡ് മെമ്പർ ഭാർഗവേട്ടനും പള്ളീലച്ചനും പൊതുശ്മശാനക്കമ്മറ്റീടെ പ്രസിഡണ്ടും സെക്രട്ടറീം മെമ്പർമാരും ഉൾപ്പെടെ അന്നും പിന്നെ കഴിഞ്ഞ കൊല്ലം വരേക്കും വിചാരിച്ചതും. (ഇവരൊക്കെയായിരുന്നു തൻ്റേം ബെഞ്ചമിൻ്റേം കെട്ടിന് രജിസ്റ്ററാപ്പീസില് വന്നത്. പിന്നെ തനിക്ക് വലിയ താല്പര്യമില്ലേങ്കിലും അച്ചൻ്റെ വക പള്ളീല് പേരിന് ചെറിയ ചടങ്ങും. ശിവദാസനും അജയനും അന്നെന്തോ തിരക്കായിരുന്നതു കൊണ്ട് വന്നില്ല.)
കുഴിക്കു ചുറ്റും കപ്പ നട്ടത് പന്നി കിളച്ചു മറിച്ചു നശിപ്പിച്ചത് കണ്ടപ്പോൾ ബെഞ്ചമിന് ആദ്യം സന്തോഷമായിരുന്നു. അന്നേക്ക് ബെഞ്ചമിനും താനും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു.
ബെഞ്ചമിൻ്റെ മുഖത്തെ ചിരി താൻ കണ്ടുവെന്ന് അവന് തോന്നിയപ്പോൾ അവൻ വളരെ പണിപ്പെട്ട് ചിരി മായ്ച്ചു.
ഇവറ്റകളെ വച്ചേക്കാൻ പാടില്ല. റബേക്കേ
നയിച്ച് ണ്ടാക്കീത് മൊത്തം പാഴാവുമേ…
ഒരു മൂളിപ്പാട്ടും പാടി ജെ സി ബി സ്റ്റാർട്ട് ചെയ്യുമ്പോൾ അവൻ പറഞ്ഞു: ഇന്നെന്നെ കാക്കണ്ട… മേലഞ്ചിറക്കുന്നിലാ പണി .. വൈകും..
കാടോരങ്ങളിൽ നിന്ന് കുതിച്ചെത്തുന്ന
പന്നികൾ ബെഞ്ചമിൻ വരുന്നതിന് മുമ്പേ കുഴിയിലെത്തിയവരാണ്. അവർക്ക് കുത്തിമദിക്കാൻ അന്ന് ഒന്നും തന്നെ താൻ ഉണ്ടാക്കിത്തുടങ്ങിയിരുന്നുമില്ല. പകലും രാത്രിയും എന്നില്ലാതെ തുടർച്ചയായി അവരെ കണ്ടു തുടങ്ങി. അവർ തന്നെയും. വാഴയോ കാച്ചിലോ കിഴങ്ങോ കിട്ടാതെ വന്നപ്പോഴുണ്ടായ നിരാശ കണ്ണുകളിൽ അമർത്തി വെച്ച് പിന്നെ വരാമെന്ന മട്ടിൽ ശബ്ദമുണ്ടാക്കാതെ അവർ മടങ്ങും. കുഴിയിൽ എന്നുമുള്ള ഒടുക്കത്തെ നിശ്ശബ്ദതയിലേക്ക് താനും.
ബെഞ്ചമിൻ ജെ സി ബി യും കൊണ്ട് മേലഞ്ചിറക്കുന്ന് പൊളിക്കാൻ പോയപ്പോൾ
ഇറയവും മുറികളും അടിച്ചു വാരി. അയാൾ വലിച്ചു തള്ളിയ സിഗരറ്റ് കഷണങ്ങൾ കുത്തിയൊടിഞ്ഞു വീണ ചാരങ്ങളടക്കം വാരിക്കൂട്ടി തന്നെപ്പോലെ വലിയ പ്രതീക്ഷകളൊന്നുമില്ലാതെ വളരുന്ന മുറ്റത്തെ തെങ്ങിൻ്റെ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. കുറച്ചു ദിവസം മുമ്പ് വളമിടണമെന്ന് വിചാരിച്ച് കുറേശ്ശെ ക്കുറേശ്ശെയായി താൻ തുറന്നു വെച്ച തടം.
പറയാൻ മാത്രം ഒന്നുമില്ല. കുറച്ചു പയറുവള്ളികൾ. കൃഷിഭവനിൽ നിന്നു കിട്ടിയ പച്ചക്കറിവിത്ത് വിതച്ചുണ്ടാക്കിയ കുറച്ച് വെണ്ടയും ചീരയും. അങ്ങനെ ചിലത്. കപ്പത്തൈകൾ.
കുഞ്ഞുകുഴികളിൽ പൊടിച്ചുയരുന്ന ജീവൻ്റെ കണികകൾ കാണുന്നതാണ് ആകെയൊരല്പം ആഹ്ലാദം. അതു മാത്രം.
മണ്ണിനോടും ചെടികളോടും മരങ്ങളോടും ഒക്കെ കാണിക്കുന്ന ഇഷ്ടം കണ്ടിട്ടാവണം റബേക്ക ആത്മാക്കൾക്ക് കൂട്ടായിരിക്കട്ടെ എന്ന് ശ്മശാനക്കമ്മിറ്റിക്കാർ തീരുമാനിച്ചിട്ടുണ്ടാവുക. തീരുമാനം തെറ്റിപ്പോയിട്ടില്ലെന്ന് അവരാരെങ്കിലും വിചാരിക്കുന്നത് മാറ്റിമറിക്കുന്ന കാര്യമൊന്നും ഇന്നേ വരെ ചെയ്തിട്ടുമില്ല.
കുഴിയിൽ കിടക്കുന്നവരെ കാണാൻ ചെല്ലുന്ന ഓരോ ദിവസവും എന്തെങ്കിലുമൊക്കെ പറഞ്ഞോണ്ടു വരുന്ന ബെഞ്ചമിനെ കണ്ടു തുടങ്ങിയത് അപരിചിതത്വത്തിൻ്റെ മൃദുവായ ആദ്യത്തെ പുറന്തോടുകൾ പൊട്ടിയതിനു ശേഷമാണ്.
തുണിയലക്കാൻ നോക്കുമ്പോൾ ബെഞ്ചമിൻ്റെ മുഷിഞ്ഞ പാൻ്റ്സിൻ്റെ പോക്കറ്റിൽ നിന്ന് പലവട്ടം ഒഴിഞ്ഞ സിഗരറ്റ് കൂടുകൾ മാറ്റിയിടേണ്ടി വന്നു.
വലി കളയുന്നതാണ് സൗകര്യം. . എനിക്കിഷ്ടമല്ല…
ഒരിക്കൽ രാത്രി സിഗരറ്റു കുറ്റിയുടെ പുകവളയങ്ങൾ മുറ്റത്തു കൂടെ കാറ്റത്ത് പടരുമ്പോൾ അല്പം മുറുക്കത്തോടെ തന്നെ പറയേണ്ടി വന്നു.
റബേക്കാ ഇത് കോൺട്രാക്ടറ്ടെ ഗിഫ്റ്റാ.. കുന്നിൻ്റെ പണി വേഗം തീർത്തതിന്..
അയാൾ ഉലാത്തുന്നത് നിർത്തി ഒരു പച്ചച്ചിരിയിൽ മുങ്ങി നിവർന്നു.
ഇരുട്ടിൽ മറഞ്ഞു കിടന്ന് മുന്നറിയിപ്പെന്ന പോലെ അയാളുടെ ജെ സി ബി യും നീണ്ട കാലുകളും കൈകളുമുള്ള മനുഷ്യനെപ്പോലെ
തൻ്റെ നേർക്ക് നോക്കി നിർത്താതെ പരിഹസിച്ച് ചിരിക്കുന്നുണ്ടെന്ന് ആ നേരം റബേക്കയ്ക്ക് തോന്നിപ്പോയി.
പിറ്റേന്നും ബെഞ്ചമിൻ ചിരിച്ചു കൊണ്ട് ജെ സി ബി ഓടിച്ച് മറ്റേതോ ഒരു കുന്നും തേടിപ്പോയി.
പതിവു നോട്ടക്കാരിയായ റബേക്ക കുഴിമാടങ്ങൾക്ക് മുന്നിലേക്കും.
എന്നാൽ ബെഞ്ചമിൻ യഥാർത്ഥ ബെഞ്ചമിൻ ആയത് പിന്നെയും ആറേഴ് മാസങ്ങൾ കഴിഞ്ഞാണ്. കാര്യമായ പണിയില്ലാത്ത ദിവസങ്ങളിലൊക്കെ കുഴിയുടെ പരിസരങ്ങളിൽ വെറുതെ കറങ്ങി നടന്നും ആരും കാണുന്നില്ലെന്ന ആത്മവിശ്വാസത്തോടെ കുഴിയുടെ ചില ഭാഗങ്ങളിലേക്ക് മിനുട്ടുകളോളം നോക്കി നിന്നും അങ്ങനെ സമയം കൊല്ലും.
ഇങ്ങനെ നോക്കി നിക്ക്ന്നത് എന്തിന്?
ഇര കണ്ടാൽ അതെങ്ങനെ തൻ്റെ കൊക്കിൽ അകപ്പെടുത്താം എന്ന ചിന്തയുള്ള കാക്ക തല ചെരിച്ച് നോക്കുന്നതു പോലെ എന്നായിരുന്നു ആദ്യമൊക്കെ തനിക്ക് തോന്നിയത്. എന്നാൽ അതായിരുന്നില്ല ശരി. ആ നോട്ടം ശവം വീണിട്ടുണ്ടെന്നറിഞ്ഞും ശവമാക്കാൻ കൊതിച്ചും ഇരയിലേക്ക് സസൂക്ഷ്മം നോട്ടമെറിയുന്ന കഴുകൻ്റേതാണെന്ന് ഉറപ്പായത് തൻ്റെ ഒന്നു രണ്ടു ദിവസത്തെ നിരീക്ഷണത്തിൻ്റെ പുറത്തായിരുന്നു.
എന്താ നോക്ക് ന്നത്?
ചോദ്യം ഗൗനിക്കാത്ത ബെഞ്ചമിനെ വെറുതെ വിടാതെ ചോദിച്ചു.
മരങ്ങളേ… ന്താ … അതിൻ്റ ഹൈറ്റ്?
ബെഞ്ചമിൻ മരങ്ങളെയല്ലായിരുന്നു കണ്ണു വെച്ചത് എന്നത് ഏതാണ്ടുറപ്പായിരുന്നെങ്കിലും തല്ക്കാലം അതംഗീകരിച്ചു കൊടുക്കുന്ന മട്ടിൽ വെറുതെയൊന്നു മൂളി.
കുന്നിൻ താഴ്വരയിൽ തൻ്റെ കുഴിയിൽ സന്ധ്യ കനക്കുമ്പോൾ കുളിച്ച് ഈറൻ മാറും. ചൂടു കഞ്ഞിയും ചെറുപയറും കഴിച്ച ശേഷം പാത്രങ്ങൾ കഴുകാൻ അടുക്കളഭാഗത്തെത്തുമ്പോൾ ആകാശത്ത് ഒരൊറ്റ നക്ഷത്രം കണ്ണു മിഴിക്കുന്നത് കാണും. അല്പം കറുത്ത് വിളറിയ മേഘങ്ങൾ ധൃതി പിടിച്ച് പായുന്നുണ്ടാകും. ദൂരെ നിന്ന് അപ്പോൾ ബെഞ്ചമിൻ്റെ ജെ സി ബി യുടെ ശബ്ദം കേൾക്കും .
ഇരുട്ടിൽ മരച്ചീനിക്കൂട്ടങ്ങളുടെ മറവിൽ ഏകാഗ്രതയോടെ മണ്ണിളക്കി മറിക്കുന്ന പന്നിക്കൂട്ടങ്ങൾ എന്തോ ഓർത്ത് തെല്ലിട ചലനമറ്റു നിൽക്കും. മറ്റു ചിലപ്പോൾ അവ കൂട്ടമായിത്തന്നെ കുഴിയുടെ ആരും കാണാത്ത നിഗൂഢതയിലേക്ക് ലയിക്കാനായി എല്ലാം ഉപേക്ഷിച്ച് മടങ്ങിപ്പോകും.
ബെഞ്ചമിൻ മുറ്റത്തൊരു കോണിൽ ജെ സി ബി ബ്രേക്കിട്ട് നിർത്തും. ഡ്രൈവർ സീറ്റിൽ നിന്ന് ചാടിയിറങ്ങി തലയിലെ തോർത്തു കെട്ട് ഊരി കഴുത്തും മുഖവും തുടക്കും. പോക്കറ്റിൽ നിന്ന് അന്നത്തെ ഒടുവിലത്തെ സിഗരറ്റെടുത്ത് കറ പിടിച്ച ചുണ്ടിൽ തിരുകി വെക്കും. അരയിൽ നിന്ന് വലിച്ചെടുത്ത സിഗാർ ലൈറ്റ് കത്തിക്കും.
എല്ലാം പതിവു പോലെ ആവർത്തിക്കും.
അഴുകിയ ഓർമ്മകളുടെ കാവൽക്കാരീ..റബേക്കാ.. ഇതാണ് ജീവിതം.
അല്ലെങ്കിൽ ഇതു മാത്രം…
പുലർച്ചയ്ക്ക്, നന്നേ പുലർച്ചയ്ക്ക് ഒരു സ്വപ്നം കാണുന്നു. കുഴി മുഴുവൻ മൂടിക്കളഞ്ഞു കൊണ്ട് കറുത്ത പുകവളയങ്ങൾ ആകാശം മുഴുവൻ പടരുന്നു. പേടിപ്പെടുത്തുന്ന പൊക്കത്തിൽ മാനം തുളക്കാൻ മണ്ണിൽ ആഴത്തിലാഴത്തിൽ വേരുകൾ താഴ്ത്തിയ വൃക്ഷങ്ങളെല്ലാം കത്തിക്കരിഞ്ഞിരിക്കുന്നു.
കുന്നിൻ്റെ ശിരസ്സിലേക്ക് കാതടിപ്പിക്കുന്ന ഒച്ച വെച്ച് കയറിപ്പോകുന്ന പല മാതിരി ശബ്ദങ്ങൾ. ആൾക്കൂട്ടങ്ങൾ. അത് കുഴിയെയും പൂർണ്ണമായും പൊതിഞ്ഞു പിടിച്ചിരിക്കുന്നു.
ഇടയ്ക്ക് ഏതോ രാത്രിയിൽ അയാൾ – ബെഞ്ചമിൻ ചോദിക്കാതിരുന്നില്ല. അയാൾക്കു വേണ്ടി പണ്ടേ കരുതി വെച്ച ആ ഉത്തരം താൻ പറയാതിരുന്നുമില്ല.
ഈ മലമൂട്ടില് ന്ത് സുഖം കിട്ടാനാ റബേക്കാ… കിട്ടിയ വെലക്ക് ഇതങ്ങ് സെയിലാക്കിക്കൂടേ? പന്നീം പാമ്പും അടിക്കടി ഇറങ്ങ് ന്ന സ്ഥലം നിക്കാൻ കൊള്ളൂല… കാണാനേ കൊള്ളൂ…
ൻ്റ സുഖം നിങ്ങട സുഖല്ല …
മൂന്നോ നാലോ വാക്കുകൾ.
ടൗണിലാവുമ്പോ നെനക്കെന്തേലും കൊള്ളാവ്ന്ന പണീം ഞാൻ ഒപ്പിച്ചു തരാം. കോൺട്രാക്ടറ് പറഞ്ഞിട്ട്ണ്ട്.. അവടയൊര് രണ്ട് മുറി ഫ്ലാറ്റ് തരാക്കിത്തരാം ന്നും..
വേണ്ട.. റബേക്കയ്ക്ക് ഇതൊക്കെത്തന്നെ ധാരാളം…
ആ സംഭാഷണങ്ങളുടെ ഇളകിത്തെറിക്കുന്ന ചവിട്ടുപടികൾ താണ്ടി അന്നത്തെ രാത്രി യാത്ര ഒരു വിധം അവസാനിച്ചു.
ബെഞ്ചമിനെ തനിക്ക് കൂടുതൽ നന്നായി പിടികിട്ടിത്തുടങ്ങിയ രാത്രി കൂടിയായിരുന്നു അത്.
പിന്നെ അയാൾ ഒന്നും പറഞ്ഞിരുന്നില്ല, പായയിൽ സാധാരണയായി പുറം തിരിഞ്ഞു കിടക്കുന്നതിനു പകരം എന്തോ ആലോചിച്ച് അന്ന് ബെഞ്ചമിൻ ഫോണെടുത്ത് പുറത്തേക്ക് പോവുകയും മുറ്റത്തു നിന്ന് കുഴിയെ വർദ്ധിച്ച രോഷത്തോടെ നോക്കുകയും പകൽച്ചൂടേറ്റ് തളർന്നു മയങ്ങുന്ന കർപ്പൂരവല്ലിച്ചെടികളുടെ ഇലകളിലേക്ക് ആഞ്ഞു കാർക്കിച്ചു തുപ്പുകയും ചെയ്തു.
അയാൾ ആരോടൊക്കെയോ പറഞ്ഞു നടന്നുവത്രെ – അവള്ടെ ഭർത്താവല്ലേ ഞാൻ ? ന്ന അനുസരിക്കാൻ അവൾക്കെന്താ ത്ര മടി ?
അങ്ങനെ പറഞ്ഞവരോട് താനും പറഞ്ഞു : ആദ്യം നല്ല മനുഷ്യനാവണം. അതും കഴിഞ്ഞിട്ടല്ലേ ഒര് ഭർത്താവ് വര്ന്നത്?
ഈ കുഴിയും ഇതിൻ്റെ ഗന്ധങ്ങളും സ്മൃതികളും വിട്ടിട്ട് എവിടെയും പോവാൻ തന്നെക്കൊണ്ട് പറ്റില്ലെന്നുറപ്പ്. കേവലം മനുഷ്യരിൽ ചെന്ന് മാത്രം അവസാനിക്കാത്തവരെല്ലാം കൂടി റെബേക്കയെ ഇവിടെ ബലമായി മുറുക്കിക്കെട്ടിയിട്ടിരിക്കുകയല്ലേ.
തർക്കമുണ്ടായാൽപ്പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് അയാളെ കാണില്ല. ജെ സി ബി യും കൊണ്ട് ഒരൊറ്റ പോക്കാണ്. ആ സമയത്ത് എങ്ങോട്ടേക്കാണെന്നോ എപ്പോൾ വരുമെന്നോ എന്തിനാണെന്നോ ഒന്നും പറയില്ല.
മൂന്നാല് ദിവസം കഴിഞ്ഞാലേ ബെഞ്ചമിൻ തിരിച്ചു വരൂ. അപ്പോൾ കീശ നിറയെ നോട്ടുകെട്ടുകൾ കാണും. ഇത്രയും കാശ് എങ്ങനെ കിട്ടുന്നു എന്ന് ചോദിച്ചിട്ടില്ല. ചോദിച്ചാലുള്ള മറുപടി അറിയാം.
നെനക്ക് ഈ കാട്ടുമൂല മതിയല്ലോ. എനക്ക് നല്ലോണം കാശ് വേണം. അതിപ്പോ കുന്നിടിച്ചിട്ടായാലും മണ്ണിട്ട് പൊഴ നെകത്തീറ്റായാലും മരുന്ന് വിറ്റിട്ടായാലും ഞാൻ നേടും…
നേഴ്സിംഗിന് ബാംഗ്ലൂരിൽ പഠിക്കുന്ന ഇരുപത്തൊന്നുകാരിയുടെ ബോഡി തീവണ്ടി കയറിയിറങ്ങി തലയും ഉടലും നുറുങ്ങുകഷണങ്ങളായി വേർപെട്ട് പോസ്റ്റ്മോർട്ടം കഴിഞ്ഞ് ശ്മശാനത്തിലേക്ക് കയറി വന്ന ദിവസം മെമ്പർ അജയൻ
തൻ്റെ മുമ്പിലെത്തി.
അവള് ടെ ബെസ്റ്റി, ഒര് ചെക്കൻ വയറ്റിലുണ്ടാക്കി ഉപേക്ഷിച്ച കേസാ …
അജയന് മറ്റെന്തോ ഒന്നു കൂടി പറയാനുണ്ടായിരുന്നു.
അവൻ ഒച്ച ഒരല്പം താഴ്ത്തിപ്പറഞ്ഞു:
പിന്നെ, റബേക്കാ,നമ്മള് വിചാരിച്ച പാർട്ടിയേ അല്ല… ഈ ബെഞ്ചമിൻ ..അവൻ ആളാകെ മാറി. എനിക്കതിൻ്റെ ചെല സൂചനകള് കിട്ടീട്ടുണ്ട്…
പിന്നീട് കുറേ കഴിഞ്ഞപ്പോൾ അജയനും കമ്മിറ്റിക്കാരും ചേർന്ന് എന്തോ അടക്കം പറയുന്നത് ദൂരെ നിന്ന് കണ്ടു.
അതിനെപ്പറ്റിത്തന്നെയാവാം..
കുഴിമാടത്തിലെ ആത്മാക്കൾ ഒന്നടങ്കം റബേക്കയുടെ ചെവിയിൽ മന്ത്രിച്ചു :
പോരേ, പെണ്ണേ.. ഓർത്തത് ? വേഗം പോയി വാ.. വൈകിട്ടും ഞങ്ങൾക്ക് നിന്നെ കാണാനുള്ളതാ….മറക്കണ്ട…
അവൾ ആലോചിച്ചു: കുഴിമാടത്തിനു മുന്നിൽ ജീവിതത്തിലെ ഏറ്റവും മനോഹരമായ രണ്ട് നേരങ്ങൾ – പകൽ തുടങ്ങുമ്പോൾ, പകൽ അവസാനിക്കുമ്പോൾ…
റബേക്ക വീണ്ടും ഓർത്തു : ഓർമ്മിച്ചത് മുഴുവനായില്ലല്ലോ പ്രിയപ്പെട്ടവരേ.. ഞാനോർത്തത് , വളരെ പ്രധാനപ്പെട്ടതെന്ന് പലരും വിശേഷിപ്പിച്ചു കണ്ടിട്ടുള്ള ഒരു വഴിത്തിരിവിൽ വെച്ച് എത്ര വലുതായി പരിചയപ്പെട്ടതാണെങ്കിൽപ്പോലും പൂർണമായും പിടികിട്ടാത്ത ഒരാൾ ഏതൊരു സ്ത്രീയുടെയും ജീവിതത്തിൽ കടന്നെത്തുകയും അയാൾ ചമയ്ക്കുന്ന ലോകത്തിനനുസരിച്ച് അവളും കുറേശ്ശെക്കുറേശ്ശെയായി മാറിപ്പോവുകയും ചെയ്യുന്ന സ്വാഭാവികമായ ഒരവസ്ഥയെക്കുറിച്ചു മാത്രമാണ്. അങ്ങനെ മാറുന്നവർ ഏറെയുണ്ടാവാം. മാറാത്തവരും.
രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ് ഞാൻ.
അതു കൊണ്ട് കൂടിയാണല്ലോ അയാൾ….
വൈകുന്നേരത്തെ ഓർമ്മ : ആര്യ മോൾ കാത്തു നിൽക്കും.
ഭവാനിയേച്ചി
കാർത്ത്യായനി ടീച്ചർ
മോഹനേട്ടൻ
പുതുതായി വന്ന ഇരുപത്തിയൊന്നു വയസ്സുള്ള നഴ്സ് കുട്ടിയെ പരിചയപ്പെടണം.
പേരു ചോദിക്കണം.
കശുമാവിൻകൂട്ടങ്ങൾ ചാഞ്ഞു കിടക്കുന്ന വഴി നിറയെ കാറ്റത്തു പറന്നു വീണ പഴുത്ത ഇലകൾ, ഉണങ്ങിയ ഇലകൾ..
ഇലകളിൽ ചിലയിടങ്ങളിലായി പാമ്പുകൾ പൊഴിച്ചിട്ട പടങ്ങളും പന്നിക്കാട്ടങ്ങളും മുള്ളൻപന്നി നിസ്സാരമായി എറിഞ്ഞിട്ട നീളൻ
മുള്ളുകളും പൊന്തി നിന്നു.
കുഴി എത്തുന്നു. കുഴിക്കു മുമ്പിലായി ജീൻസും ടോപ്പും കൂളിംഗ് ഗ്ലാസും ധരിച്ച രണ്ട് ചെറുപ്പക്കാരികൾ വെയിലത്ത് കുടയുമായി നിൽക്കുന്നു. കൈയിൽ ക്യാമറ സ്റ്റിക്കുണ്ട്. ക്യാമറ സ്റ്റിക്കിൻ്റെ അറ്റത്ത് തിളങ്ങുന്ന ഒരു സ്മാർട്ട് ഫോൺ.
ആരാ ?
ദൂരത്ത് നിന്ന് ആരും അങ്ങനെ വരാൻ മാത്രം എന്തു പ്രത്യേകതയാ തൻ്റെയീ ദ്രവിച്ച കുഴിക്കുള്ളത്?
മാഡം, ഗുഡ് ആഫ്റ്റർ നൂൺ… ഞങ്ങൾ മെമ്മറബിൾ മൊമെൻ്റ്സ് യൂ ട്യൂബ് ചാനൽ വ്ലോഗേഴ്സാ ..
ചോദ്യഭാവത്തിൽ അവരെ നോക്കി.
തൻ്റെ പകുതി പ്രാകൃതവേഷം. അവരുടെ പൂർണ്ണമായ പരിഷ്കൃതവേഷം.
മാഡം, കുറേക്കാലമായില്ലേ, ഇവിടെ അട്ത്തുള്ള ക്രിമറ്റോറിയം കീപ്പ് ചെയ്യുന്നത്..
ഐ മീൻ മോർ ദാൻ ഫിഫ്റ്റീൻ യീയേഴ്സ് … ഞങ്ങൾ അതേപ്പറ്റി ഒരു വ്ലോഗ് ചെയ്യാൻ എറങ്ങീതാ..
ക്യാമറ സ്റ്റിക്ക് നീട്ടിപ്പിടിച്ച് ഒരുവൾ ചിരിച്ചുലഞ്ഞു. മുഴുവനായും ചെമ്പിച്ച മുടി വലതു കൈ കൊണ്ട് മാടിയൊതുക്കി.
ഞങ്ങൾക്ക് ക്രിമറ്റോറിയത്തിൽ നിന്ന് തന്നെ ഷൂട്ട് ചെയ്യാം. മാഡം, സഹകരിക്കണേ, പ്ലീസ്. ഒരു പത്ത് പതിനഞ്ച് മിനിട്ട് … ദാറ്റ്സ് ഇനഫ് …
പുതിയ പിള്ളേരാണ്. അവരുടെ താളത്തിനു തുള്ളാൻ താല്പര്യമൊന്നുമില്ലാഞ്ഞിട്ടും നിസ്സംഗഭാവത്തിൽ തല കുലുക്കി കുഴിയിലേക്ക് നടന്നു.
ഇങ്ങോട്ട് വരുന്നുണ്ടോ? എന്തെങ്കിലും കുടിക്കാനോ കഴിക്കാനോ ?
കുഴിയുടെ നേർക്ക് കൈ ചൂണ്ടി ചോദിച്ചു.
വേണ്ട. നമ്മൾ ലഞ്ച് കഴിച്ചാ വന്നേക്കണ്..
മാഡം പോയി ഫുഡ് കഴിച്ച് വാ.. നമ്മള് വെയ്റ്റ് ചെയ്യാം.
കുഴിക്കു മുമ്പിൽ ജെ സി ബി യുണ്ട്. അങ്ങനെ അതുണ്ടെങ്കിൽ അകത്ത് ബെഞ്ചമിനും കാണും. ഇന്നയാൾ നേരത്തെ പോയതാണല്ലോ. പോയി തിരിച്ചു വന്നതാവും.
ചൂടുകാറ്റത്ത് കർപ്പൂരവല്ലിച്ചെടിയുടെ ഇലകൾ തലയാട്ടി നിന്നു. മുറ്റത്ത് തലങ്ങും വിലങ്ങും കത്തിയെരിഞ്ഞ സിഗരറ്റ് കഷണങ്ങൾ. മദ്യത്തിൻ്റെ മണം കോലായയിൽ ചുറ്റിക്കറങ്ങുന്നു. ബെഞ്ചമിൻ പുല്പായയിൽ കമിഴ്ന്നു കിടക്കുന്നത് കണ്ടു. കോലായക്കോണിൽ മൂടി പൊട്ടിക്കാത്ത രണ്ട് മദ്യക്കുപ്പികൾ,
ശബ്ദമുണ്ടാക്കാതെ അവ രണ്ടുമെടുത്ത് അടുക്കളയിലെത്തി.
അടച്ചു വെച്ച വാതിൽ തുറന്നു. മദ്യക്കുപ്പികളുടെ മൂടികൾ പൊട്ടിച്ചു. പാറ്റിയൊഴിച്ചപ്പോൾ പിന്നാമ്പുറത്തെ ചരൽ മണ്ണിൻ്റെ പൊള്ളുന്ന വായ അതൃപ്തിയോടെയാണെങ്കിലും അതേറ്റു വാങ്ങി.
ചോറടച്ചു വെച്ച അലൂമിനിയപ്പാത്രം തുറന്നു. മൺചട്ടിയുടെ അടപ്പ് പൊക്കി അല്പം കറി ഒരു സ്പൂണിലെടുത്തു. പ്ലേറ്റിൽ രണ്ടും വിളമ്പി കുഴച്ച് രണ്ടോ മൂന്നോ ഉരുള വായിൽ വെച്ചു. രുചി തോന്നിയില്ലെങ്കിലും പിന്നെയും ഒന്നു രണ്ടു വട്ടം അതു തന്നെ ആവർത്തിച്ചു. ബെഞ്ചമിൻ എന്തെങ്കിലും കഴിച്ച ലക്ഷണമില്ല. മദ്യത്തിൻ്റെ കെട്ടു വിട്ടാലേ ഇനിയെന്തെങ്കിലും കഴിക്കാൻ സാധ്യതയുള്ളൂ. ഉറങ്ങട്ടെ. അതു വരെ ഉറങ്ങട്ടെ.
കുഴിയിൽ ദീർഘനേരത്തേക്ക് മറ്റ് അനക്കങ്ങളൊന്നുമുണ്ടായില്ല. ആകാശത്ത് വട്ടം ചുറ്റി ക്ഷീണിച്ച ഒരു പരുന്ത് പാറി വന്ന് കശുമാവിൻ കൊമ്പിലിരുന്നു. ക്ഷീണിച്ച സ്വരത്തിൽ അത് നീട്ടിയൊന്നു കരഞ്ഞു.
മുഖവും കണ്ണുകളും തണുത്ത വെള്ളത്തിൽ നന്നായി കഴുകി.
കഴുകിയ പ്ലേറ്റ് പാത്രങ്ങൾക്കിടയിൽ കമിഴ്ത്തി വെച്ചു. കൂജയിൽ നിന്ന് വെള്ളം കുടിച്ചു. വല്ലാത്ത ക്ഷീണവും തളർച്ചയും തോന്നി. കിടപ്പുമുറിയിലേക്ക് ഒരു വിധം നടന്നു. കിടക്കാൻ വേണ്ടി താൻ തന്നെ കട്ടിലിൽ ഇരുന്നതാണോ അതോ അവിടെ കുഴഞ്ഞു വീണതാണോ എന്ന് റബേക്കയ്ക്ക് അറിഞ്ഞു കൂടായിരുന്നു.
കിടപ്പിൻ്റെ സമയത്തിന് നീളം കൂടി. കുഴിയിൽ വീണു കിടക്കുന്ന ഇലകളുടെ കിടക്കയിൽ നിന്ന് ഒരു കുഞ്ഞിത്തവളയെ നിമിഷ നേരം കൊണ്ട് റാഞ്ചിയെടുത്ത് നേരത്തെ കരഞ്ഞ പരുന്ത് വീണ്ടും ആകാശത്തേക്കുയർന്നു.
അതിൻ്റെ കരച്ചിൽ പൂർണ്ണമായും മാഞ്ഞിരുന്നു.
ബെഞ്ചമിൻ എഴുന്നേറ്റു. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ജെ സി ബി സ്റ്റാർട്ട് ചെയ്ത് എങ്ങോട്ടോ ഓടിച്ചു പോയി.
വ്ലോഗർമാരായ പെൺപിള്ളേർ കുഴിക്ക് മുമ്പിലുള്ള വഴിയിൽ അക്ഷമയോടെ റബേക്കയെ കാത്ത്
നിന്നു.
ബോറടി മാറ്റാൻ അവരിരുവരും ഫോൺ ചുരണ്ടിക്കൊണ്ടിരുന്നു.
വൈകുന്നേരമായിട്ടും റബേക്ക എഴുന്നേറ്റില്ല.
കുഴിമാടത്തിലെ ആത്മാക്കൾ മുഖത്തോട് മുഖം നോക്കി.
ഈ പെണ്ണ് – ഇവൾക്കിതെന്തു പറ്റി?
ഉച്ചയുറക്കം നീണ്ടു പോയോ?
ആര്യമോളാണ് അത് കണ്ടെത്തിയത്.
അവൾക്ക് അതിയായ സന്തോഷം തോന്നി.
അവൾ ആ രഹസ്യം കാർത്ത്യായനി ടീച്ചറോടാണ് ആദ്യം പറഞ്ഞത് : ടീച്ചറേ, റബേക്കാൻ്റി വൈകിട്ട് എത്തില്ല. എന്നാ, രാത്രിക്ക് വരും. ഞാൻ കണ്ടു. അവൾ ആഹ്ലാദമടക്കാനാവാതെ ശ്മശാനപ്പറമ്പിലൂടെ ഓടിച്ചാടി നടന്നു.
ഭവാനിയേച്ചിയും മോഹനേട്ടനും കാർത്ത്യായനി ടീച്ചറും ഒരു നിമിഷം എന്തോ ഓർത്തു.
അസ്തമയം ഏറെ ക്ഷീണത്തോടെ കുഴിമാടങ്ങൾക്കിടയിലൂടെ വേച്ചു വേച്ചു കടന്നു പോയി. ചെടികളും മരങ്ങളും വള്ളിപ്പടർപ്പുകളും റബേക്കയെ കാണാൻ കഴിയാത്ത വിഷാദം മറച്ചു പിടിക്കാൻ കഴിയാതെ തല കുനിച്ചു.
റബേക്കയുടെ കുഞ്ഞുങ്ങളായിരുന്നു, അവ.
ആ സമയം സൂര്യൻ്റെ ശക്തി കുറഞ്ഞ വെളിച്ചത്തിലൂടെ നടന്ന് മെമ്മറബിൾ മൊമൻ്റ്സ് യൂ ട്യൂബ് ചാനലിൻ്റെ വ്ലോഗർമാരായ പെൺകുട്ടികൾ ശ്മശാനത്തിലെത്തിയിരുന്നു.
അവർ ചുറ്റിലും നോക്കി. ഒരാൾ മൊബൈൽ ഘടിപ്പിച്ച ക്യാമറ സ്റ്റിക്ക് ഒന്നു കൂടി ഉറപ്പിച്ചു.
വ്ലോഗർ പെൺകുട്ടികളിലൊരാൾ മൊബൈൽ ക്യാമറയിലേക്കു നോക്കി സംസാരിച്ചു തുടങ്ങി : ഹായ് ഗയ്സ്, നമ്മളിപ്പോൾ നിൽക്കുന്നത് മരുതൂർക്കുന്നിന് താഴെയുള്ള ഒരു ക്രിമറ്റോറിയത്തിന് മുമ്പിലാണ്. എന്താ ഇതിൻ്റെ പ്രത്യേകതയെന്ന് വെച്ചാ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഈ ക്രിമറ്റോറിയം സൂപ്പർവൈസ് ചെയ്യുകയും ഇവിടത്തെ ചെറിയ പച്ചത്തുരുത്ത് കാത്തു സംരക്ഷിക്കുകയും ചെയ്യുന്ന കഠിനാദ്ധ്വാനിയായ ഒരു സ്ത്രിയുണ്ട്. വളരെ ഡിഫിക്കൾട്ടായ ജീവിതസാഹചര്യങ്ങളിലൂടെ തൻ്റെ ലൈഫ് മുന്നോട്ടു കൊണ്ടു പോവുന്ന ഒരു റബേക്കേച്ചി. റബേക്കേച്ചിയെയും അര ഏക്കറോളം വിസ്താരത്തിൽ പരന്നു കിടക്കുന്ന ഈ ക്രിമറ്റോറിയത്തെയും നിങ്ങളുടെ മുമ്പാകെ പരിചയപ്പെടുത്തുക എന്നതാണ് മെമ്മറബിൾ മൊമൻ്റ്സിൻ്റെ ഇപ്രാവശ്യത്തെ വീഡിയോയിൽ ചെയ്യാൻ പോകുന്നത്. ഈ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം…
ആക്ച്വലി , ഞങ്ങള് വളരെ നേരത്തെ തയ്യാറായി ഈ ഏരിയയിൽ എത്തിയതായിരുന്നു. റബേക്കേച്ചിയുടെ വീടിന് മുമ്പിൽ ഞങ്ങൾ കൊറേ നേരം വെയ്റ്റ് ചെയ്തു, ചേച്ചിയെ ഒന്ന് കിട്ടാൻ. രാവിലേം വൈകുന്നേരവും – അങ്ങനെ രണ്ട് ടൈമിലായിട്ടാണ് റബേക്കേച്ചി ഇവിടെ ക്രിമറ്റോറിയം നോക്കാൻ വരുന്നത് എന്നാ കേട്ടേ. മോണിംഗ് ഞങ്ങക്ക് വരാൻ ആവാത്തത് കൊണ്ട് ഈവനിംഗ് ചൂസ് ചെയ്തു. എന്നാല്, ഇവിടെ എത്തി ഞങ്ങള് വെയ്റ്റ് ചെയ്ത് മണിക്കൂറ് രണ്ടായിട്ടും ഉടനേ വരാംന്ന് പറഞ്ഞ് വീട്ടിലേക്ക് കയറിപ്പോയ റബേക്കേച്ചി മടങ്ങി വര്ന്നത് മാത്രം കണ്ടില്ല. ന്താ പറ്റീത് എന്നറിയാൻ വേണ്ടി ഞങ്ങള് രണ്ടാളും വീടിൻ്റെ ഉള്ളിലേക്ക് കയറാൻ വേണ്ടി തന്നെ തീരുമാനിച്ചതാണ്. ആ നേരത്താണ് ഇവിടെയുള്ള വാർഡ് മെമ്പർ ഭാർഗവൻ സേർ തൻ്റെ സ്കൂട്ടിയോടിച്ചു കൊണ്ട് ഇവിടെ എത്തുന്നത്. സേർ വീട്ടിലേക്ക് റബേക്കാ ന്ന് വിളിച്ച് കയറി. വാതിൽ ചാരിയതേ ഉണ്ടായിരുന്നുള്ളൂ. അനക്കമൊന്നും കാണാത്തപ്പോ ഭാർഗവൻ സേർ ഉള്ളിലേക്ക് കയറി അന്വേഷിച്ചതും അകത്തു നിന്ന് ഒരു നിലവിളി കേട്ടതും ഒന്നിച്ചാരുന്നു. ഞങ്ങൾ ഓടിച്ചെന്ന് നോക്കുമ്പോ കാണുന്നത് മനുഷ്യമന: സാക്ഷിയെ ഞെട്ടിക്കുന്ന ഒര് കാഴ്ചയായിരുന്നു. റബേക്കേച്ചി കിടന്ന കട്ടിലിൻ്റെ താഴെ നെറയെ ചോര…
വായിൽ നിന്ന് ചോര ഒഴുകിക്കൊണ്ടേയിരിക്കുന്ന നിലയിൽ റബേക്കേച്ചി മരിച്ചു കിടക്കുന്ന ദൃശ്യമാണ് അവിടെ എത്തിയ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്.
പ്രിയ ഗയ്സ്, എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന് നമുക്കാർക്കും അറിവുള്ളതല്ല.
കേരളത്തിൽ ഇന്ന് ദിനം പ്രതി നടക്കുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും കണക്കെടുത്ത് നോക്കുകയാണെങ്കിൽ പ്രിയ റബേക്കേച്ചീടെ ഈ വേർപാട് – ഇതൊരു കൊലപാതകമാണോ അതോ സൂയിസൈഡാണോ എന്നറിയണമെങ്കില് … – നാം കാത്തിരുന്നേ മതിയാകൂ.. റബേക്കേച്ചീടെ പോസ്റ്റ് മോർട്ടം ചെയ്ത ബോഡി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഈ ക്രിമറ്റോറിയത്തിന് മുമ്പിൽ എത്താൻ പോവുകയാണ്. ഞങ്ങൾ കാത്തിരിക്കുകയാണ്….
അത്രയും പറഞ്ഞ് ക്യാമറ ഓഫ് ചെയ്ത് വ്ലോഗർ പെൺകുട്ടി അകലേക്ക് നോക്കി.
ശ്മശാനത്തിലേക്ക് ഒറ്റക്കും കൂട്ടായും ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു.
ആണ്ടുകളായി കുഴിമാടങ്ങളിൽ ജീവിക്കുന്നവരുടെ കൂടെ
ആര്യമോളും ഭവാനിയേച്ചിയും മോഹനേട്ടനും റബേക്ക വരുന്നതും കാത്തു നിന്നു.
ഒപ്പം അവസാനം വന്നെത്തിയ നഴ്സുകാരിപ്പെൺകുട്ടിയും.
പറന്നു തളർന്ന പക്ഷികൾ മരക്കൊമ്പുകളിലിരുന്ന് ആ ദിവസത്തിൻ്റെ തൂവലുകൾ പൊഴിച്ചു കൊണ്ടിരിക്കെ
കുഴിമാടത്തിലും പരിസരങ്ങളിലും പകൽവെളിച്ചം പൂർണ്ണമായും ഇല്ലാതായിക്കൊണ്ടിരുന്നു.
🌐
ഡോ. എ. വി. സത്യേഷ് കുമാർ: കണ്ണൂർ ജില്ലയിൽ കല്ല്യാശ്ശേരി കെ.പി.ആർ.ഗോപാലൻ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗം മലയാളം സീനിയർ അധ്യാപകൻ. മലയാളത്തിലെ വിവിധ ആനുകാലികങ്ങളിൽ ചെറുകഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കപ്പെട്ട നിരവധി കഥാരചനാമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ലോഗോസ് പബ്ലിഷേഴ്സ് പട്ടാമ്പി പ്രസിദ്ധികരിച്ച ‘രാവുടൽ ‘ആദ്യ ചെറുകഥാസമാഹാരം.
കർഷകത്തൊഴിലാളി മാസിക സംസ്ഥാനതലകേരളസാഹിത്യപുരസ്കാരം, കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാനതലസാഹിത്യപുരസ്കാരം, സീക്വൽ ഗ്രന്ഥാലയം സംസ്ഥാനതല സാഹിത്യപുരസ്കാരം, വായനശാല സംസ്ഥാനതലസ്പെഷ്യൽ ജൂറി പുരസ്കാരം, കെ.എസ്.ടി.എ. സംസ്ഥാനതല ചെറുകഥാപുരസ്കാരം, പുരോഗമനകലാസാഹിത്യസംഘം സംസ്ഥാനതല ചെറുകഥാപുരസ്കാരം, എം.എസ്.സുരേന്ദ്രൻ സ്മാരക സംസ്ഥാനതല ചെറുകഥാപുരസ്കാരം, ജോയിൻ്റ് കൗൺസിൽ സംസ്ഥാനതല സാഹിത്യപുരസ്കാരം, റസാക്ക് കുറ്റിക്കകം സ്മാരക ചെറുകഥാപുരസ്കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.















