ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധര്‍മ്മസ്ഥല ഗ്രാമത്തില്‍ 2012 ഒക്ടോബർ 9 ന് കോളേജ് വിദ്യാര്‍ഥിനി സൗജന്യ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സൗജന്യയുടെ മാതാവ് കുസുമാവതി ധർമ്മസ്ഥലയിലെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുമ്പാകെ പരാതി നൽകി. പതിറ്റാണ്ടിലേറെയായിട്ടും ഈ കേസ് പരിഹരിക്കപ്പെട്ടിട്ടില്ല. സിബിഐ അന്വേഷണവും സുപ്രീം കോടതി ഇടപെടലും ഉണ്ടായിരുന്നിട്ടും, യഥാർത്ഥ കുറ്റവാളികള്‍ പിടിയിലായിട്ടില്ലെന്നും എസ്ഐടി അന്വേഷണപരിധിയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് കുസുമാവതി വ്യാഴാഴ്ച ബന്ധുക്കള്‍ക്കൊപ്പമെത്തി പരാതി സമര്‍പ്പിച്ചത്.
സൗജന്യയുടെ മരണത്തെക്കുറിച്ചുള്ള വസ്തുതകള്‍ അറിഞ്ഞതിന്റെ പേരിൽ 2014-ൽ ചിലര്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ ഭീഷണിപ്പെടുത്തിയതായും തുടര്‍ന്നു ധർമ്മസ്ഥല വിട്ടുപോകാൻ ചിന്നയ്യ നിർബന്ധിതനായതായും ചിന്നയ്യയുടെ സഹോദരി രത്‌ന ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ (NHRC) മൊഴി നൽകിയതായി കുസുമാവതി പരാതിയിൽ പറയുന്നു. ഇത്തരം വെളിപ്പെടുത്തലുകള്‍ സ്ഥിരീകരിക്കുന്നതിനായി ചിന്നയ്യയെ നാർക്കോ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും തന്റെ മകൾക്ക് നീതി ലഭിക്കണമെന്നും പരാതിയിൽ അവർ ആവശ്യപ്പെട്ടു.
പിയുസി വിദ്യാര്‍ഥിനിയായ സൗജന്യയെ കോളേജില്‍ നിന്നും ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് വരുന്നതിനിടെ കാണാതാകുകയും ക്രൂര ബലാത്സംഗത്തിനുശേഷം കൊലപ്പെട്ട നിലയില്‍ മൃതദേഹം തൊട്ടടുത്ത ദിവസം വനത്തില്‍ കണ്ടെത്തുകയുമായിരുന്നു. കേസില്‍ സന്തോഷ് റാവുവെന്ന മാനസിക വെല്ലുവിളി നേരിടുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 9 വര്‍ഷത്തിനു ശേഷം പ്രതിയെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു,
SUMMARY: Soujanaya’s Murder. Kusumavathy files fresh complaint before SIT.