ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ എല്ലാ തെരുവുനായകളെയും പ്രതിരോധ കുത്തിവയ്പിനും വന്ധ്യംകരണത്തിനും ശേഷം പിടികൂടിയ സ്ഥലങ്ങളില്‍തന്നെ തുറന്നുവിടാന്‍ സുപ്രീം കോടതി നിര്‍ദേശം. തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് കോടതിയുടെ പുതിയ നിർദ്ദേശം. ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി അൻജാരിയ എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് മുൻ ഉത്തരവ് സ്റ്റേ ചെയ്തത്. ഡൽഹിയിലെ തെരുവുകളിൽ നിന്ന് പിടികൂടുന്ന നായകളെ വന്ധ്യംകരണം നടത്തി തിരികെ വിടണമെന്നാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. റാബീസ് ബാധയുള്ളവ, റാബീസിന് സാധ്യതയുള്ള നായ്കൾ, അക്രമണ സ്വഭാവമുള്ളവ എന്നിവയെ പുറത്തുവിടരുതെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
തെരുവുനായകള്‍ക്ക് പൊതുവിടങ്ങളില്‍ ഭക്ഷണം നല്‍കുന്നത് അനുവദനീയമല്ലെന്നും ബെഞ്ച് വ്യക്തമാക്കി. നായകള്‍ക്ക് ഭക്ഷണം നല്‍കാന്‍ മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ പ്രത്യേക സ്ഥലങ്ങള്‍ ഒരുക്കണമെന്ന് അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എ.ബി.സി നിയമപ്രകാരം തെരുവുനായ്ക്കളെ പിടിക്കുന്നത് തടയാൻ ആർക്കും അവകാശമില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈകോടതികളുടെ പരിഗണനയിലുള്ള ഹരജികൾ സുപ്രീംകോടതിയിലേക്ക് മാറ്റി ഇക്കാര്യത്തിൽ ദേശീയനയം രുപീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
ഓഗസ്റ്റ് 11 ലെ സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ മൃഗാവകാശ പ്രവർത്തകരിൽ നിന്ന് വ്യാപകമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങളും ഉയർന്നിരുന്നു. തെരുവ് നായ്ക്കളെ എട്ട് ആഴ്ചയ്ക്കുള്ളിൽ പിടികൂടി അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. എന്നാൽ, ഈ നിർദ്ദേശത്തെ ചോദ്യം ചെയ്തുള്ള നിരവധി ഹർജികൾ കേട്ട ശേഷം പിന്നീട് ഈ ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയും വിധി മാറ്റിവയ്ക്കുകയുമായിരുന്നു.
SUMMARY: Stray dogs should be caught and released after vaccination and sterilization, and should not be fed on the streets; Supreme Court