കൊച്ചി: അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. സൈബർ അധിക്ഷേപ കേസിലാണ് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി 16 ദിവസത്തെ റിമാൻഡിലായിരുന്ന രാഹുല്‍ ഈശ്വറിന് തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് ഉപാധികളോടെയുള്ള ജാമ്യം. രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം പൂർത്തിയായിരുന്നു.
തുടർന്ന് ഉച്ചയ്ക്കുശേഷമാണ് കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. രാഹുല്‍ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യഹർജിയെ ശക്തമായി എതിർത്തിരുന്നു. കേസില്‍ കൂടുതല്‍ തെളിവെടുപ്പിനായി രണ്ടു ദിവസത്തെ കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാല്‍, രാഹുല്‍ ഈശ്വർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും 16 ദിവസമായി റിമാൻഡില്‍ തുടരുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു.
ഇത്രയും ദിവസത്തിനുശേഷം എന്തിനാണ് വീണ്ടും കസ്റ്റഡി ആവശ്യമുള്ളതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. വാദത്തിനൊടുവില്‍ വിധി പറയാനായി മാറ്റിയ കേസില്‍ ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.
SUMMARY: Survivor’s insult case: Rahul Easwar granted bail














