തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ് ബസുകാരും, ഏജന്റുമാരും കള്ളപ്പരാതിയുമായി വരും, ഞാന്‍ അത്തരം കള്ള പരാതി സ്വീകരിക്കില്ല സത്യസന്ധമായി ജോലി ചെയ്യുന്നവരോട് സര്‍ക്കാര്‍ എതിരല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഓഫീസില്‍ വരുന്നവരോട് മര്യാദയോടെ പെരുമാറണം, എന്നാല്‍ ഭയപ്പെടേണ്ടതില്ല. നിലവിലുള്ള ഒഴിവുകള്‍ ഒരു ദിവസം പോലും വൈകാതെ പിഎസ് സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക സാഹചര്യം അനുസരിച്ചേ പുതിയ കെഎസ്‌ആര്‍ടിസിയിലെ ഒഴിവുകള്‍ ഉണ്ടാകുകയുള്ളുവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
‘2001ല്‍ മന്ത്രിയായിരിക്കെ പല കാര്യങ്ങളും മനസിലാക്കാനായിട്ടുണ്ട്. പ്രൈവറ്റ് ബസ് ഡ്രൈവറുമാരും കണ്‍സള്‍ട്ടന്റുമാരും നിങ്ങളെ വളരെ പ്രകോപിതമാക്കുന്നതിനായി കള്ളക്കേസില്‍ പെടുത്തും, വിജിലന്‍സിനെ അറിയുമെന്നൊക്കെ പറഞ്ഞ് നിങ്ങളുടെയടുക്കല്‍ വരും. സത്യസന്ധരായി ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ഒരാളെയും ഭയപ്പെടേണ്ടതില്ല. വിവരാവകാശ നിയമത്തെ പോലും ദുരുപയോഗം ചെയ്യുന്നതായി പല ഓഫീസുകളിലും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്’. സത്യസന്ധമായി ജോലി ചെയ്യുന്നവരെ തടയാന്‍ വരുന്ന ഒരാളെയും ഓഫീസിലേക്ക് കയറ്റരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
SUMMARY: ‘The public should be treated with respect’: K.B. Ganesh Kumar to MVD officials














