തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവില്‍ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തു. ഐപിസി 336, 338 എന്നീ വകുപ്പുകളാണ് ഡോക്ടർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നിലവില്‍ ഒരു പ്രതി മാത്രമാണ് കേസിലുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങുകയായിരുന്നു.
കാട്ടക്കട മലയിൻകീഴ് സ്വദേശി സുമയ്യയാണ് ഡോക്ടർമാരുടെ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്. 2023 മാർച്ച് 22 നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുമയ്യ ചികിത്സ തേടിയത്. തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ രാജിവ് കുമാറാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോള്‍ രക്തവും മരുന്നുകളും നല്‍കാനായി സെൻട്രല്‍ ലൈനിട്ടു. ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചില്‍ കുടുങ്ങികിടക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് ദുരിതത്തിലാക്കിയത് എന്നാണ് പരാതി. ശ്രീചിത്ര ആശുപത്രിയിലടക്കം സുമയ്യ ചികിത്സ തേടി. എക്സ്റേ പരിശോധനയില്‍ ധമനികളോട് ഒട്ടിപ്പോയതായി കണ്ടെത്തി. ഇനി ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. ഗുരുതര പിഴവ് ഉണ്ടായതില്‍ നീതി വേണമെന്നും വിദഗ്ധ ചികിത്സ നല്‍കണമെന്നുമാണ് സുമയ്യ ആവശ്യപ്പെടുന്നത്.
SUMMARY: Medical malpractice at Thiruvananthapuram General Hospital; Case registered against Dr. Rajeev Kumar