തിരുവനന്തപുരം: തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് അപകടമാണെന്ന് മെഡിക്കല്‍ ബോര്‍ഡ്. കാട്ടാക്കട കിള്ളി സ്വദേശിയായ എസ് സുമയ്യ (26)യ്ക്കാണ് ഈ ദുര്‍വിധി വന്നിരിക്കുന്നത്. ഗൈഡ് വയര്‍ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമാണെന്നും വയര്‍ പുറത്തെടുക്കാതിരിക്കുന്നതാണു സുരക്ഷിതമെന്നും ഇന്നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.
ഇക്കാര്യം സുമയ്യയെയും കുടുംബത്തെയും ബോധ്യപ്പെടുത്തും. ശസ്ത്രക്രിയ വേണമെന്ന നിലപാടില്‍ സുമയ്യ ഉറച്ചുനിന്നാല്‍ വിദഗ്ധ ഡോക്ടര്‍മാര്‍ കൂടിയാലോചിച്ച് തുടര്‍ചികിത്സ നിശ്ചയിക്കും. അതേസമയം, ഗൈഡ് വയര്‍ കുടുങ്ങിയതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ജീവിതകാലം മുഴുവന്‍ സുമയ്യ അനുഭവിക്കേണ്ടിവരുമെന്നും തുടര്‍ചികിത്സയുടെ ഉള്‍പ്പെടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുമയ്യയുടെ സഹോദരന്‍ സബീര്‍ ആവശ്യപ്പെട്ടു.
ചികിത്സാപിഴവിന് നഷ്ടപരിഹാരം നല്‍കണം. വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് തന്നെ സമ്മതിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. ആരോപണവിധേയനായ ഡോക്ടര്‍ ഇപ്പോഴും ചികിത്സ തുടരുകയാണ്. കുറ്റക്കാര്‍ ആരെന്നു കണ്ടെത്തി ശിക്ഷാനടപടി ഉണ്ടാകണമെന്നും സബീര്‍ ആവശ്യപ്പെട്ടു.
2023 മാര്‍ച്ച് 22ന് ജനറല്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുമായി സുമയ്യ ചികിത്സ തേടിയിരുന്നു. 2025 ഏപ്രിലില്‍ എക്സ്റേ എടുത്തപ്പോഴാണ് ഗൈഡ് വയര്‍ കുടുങ്ങിക്കിടക്കുന്നതായി സ്ഥിരീകരിച്ചത്.
SUMMARY: Medical malpractice at Thiruvananthapuram General Hospital; Medical Board says removing guide wire is dangerous