കണ്ണൂർ: നിർമാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കതിരൂർ പുല്യോട് വെസ്റ്റ് സ്വദേശി അൻഷിലിന്റെ മകൻ മാർവാനാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം അങ്കണവാടി വിട്ടതിനുശേഷം വീട്ടിലെത്തിയ മാർവാൻ തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാരും അയൽക്കാരും ചേർന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ് കുടുംബവീടിനോട് ചേർന്ന് പുതുതായി നിർമ്മിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളിൽ ബോധരഹിതനായി കുട്ടിയെ കണ്ടെത്തിയത് .ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ടാങ്ക് തേപ്പ് കഴിഞ്ഞതിനുശേഷം ചോർച്ച പരിശോധിക്കാൻ വേണ്ടി നിറയെ വെള്ളം നിറച്ചിരുന്നു. തൊട്ടടുത്തുള്ള കുടുംബവീട്ടിൽ പോകുന്നതിനിടെ കുട്ടി അബദ്ധത്തിൽ വീണതെന്നാണ് സംശയം.
കതിരൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ് ഫാത്തിമ.
SUMMARY: Three-year-old dies after falling into septic tank pit of under-construction house














