തിരുവനന്തപുരം: മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി. തർക്കത്തിനിടെ മൂന്ന് പേർ കിണറ്റിൽ വീണതോടെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ഇന്ന് ഉച്ചയ്ക്ക് ആറ്റിങ്ങൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തതാണ് സംഭവം. കിണറ്റിലകപ്പെട്ട യുവാക്കളെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി.
മരണാനന്തര ചടങ്ങിനെത്തിയ അഞ്ച് പേരടങ്ങുന്ന സംഘം മദ്യപിച്ച ശേഷം അടുത്ത പുരയിടത്തിലെ കിണറ്റിൻകരയിലിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ സംഘർഷമുണ്ടാവുകയും മൂന്ന് പേർ കിണറ്റിലേക്ക് വീഴുകയായിരുന്നു.
അനൂപ്, സനു, ശ്യാം എന്നിവരാണ് കിണറ്റിലകപ്പെട്ടത്. ഏകദേശം 50 അടി താഴ്ചയും ആറടിയോളം വെള്ളവുമുള്ള കിണറ്റിലേക്കാണ് ഇവർ വീണത്. തുടർന്ന് നാട്ടുകാർ ഒരാളെ കരയിലെത്തിച്ചെങ്കിലും രണ്ട് പേർക്ക് കയറാനായില്ല. ഇതോടെയാണ് ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി റോപ്പും നെറ്റും ഉപയോഗിച്ച് കിണറ്റിൽ കുടുങ്ങിയവരെ കരയിലെത്തിച്ചത്. മദ്യലഹരിയിലായിരുന്നവർ കിണറ്റിൽ നിന്നും കരയിലെത്തിയതോടെ തർക്കങ്ങൾ മറന്ന് പരസ്പരം ആലിംഗനം ചെയ്താണ് മടങ്ങിയത്.
SUMMARY: Three youths fall into well after drunken brawl during funeral procession













