ബെംഗളൂരു: മൂഡബിദ്രിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയെ ബെംഗളൂരുവിലെത്തിച്ച് പീഡിപ്പിച്ച 3 പേരെ മാറത്തഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. കോളജിലെ ഫിസിക്സ് അധ്യാപകൻ നരേന്ദ്ര, ബയോളജി അധ്യാപകൻ സന്ദീപ്, ഇവരുടെ സുഹൃത്തായ അനൂപ് എന്നിവരാണ് പിടിയിലായത്. ഇതേ കോളജിലെ വിദ്യാർഥിനിയെയാണ് മൂവരും പീഡിപ്പിച്ചത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വനിത കമ്മീഷൻ പോലീസിനോടു നിർദേശിക്കുകയായിരുന്നു.
നരേന്ദ്രയാണ് പഠനസഹായിയും നോട്ടുകളും നൽകി വിദ്യാർഥിനിയുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന് വാട്സാപിൽ ചാറ്റ് ചെയ്ത് അടുപ്പത്തിലായി. പിന്നാലെ ബെംഗളൂരു മാറത്തഹള്ളിയിലെ അനൂപിന്റെ വീട്ടിലേക്കു വിളിച്ചു വരുത്തി. ഇവിടെ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും ഫോട്ടോകളും വിഡിയോകളും പകർത്തുകയും ചെയ്തു.
ദിവസങ്ങൾക്കു ശേഷം മറ്റൊരു അധ്യാപകനായ സന്ദീപ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ നരേന്ദ്രയുമൊത്തുള്ള ഫോട്ടോകളും വിഡിയോകളും തന്റെ പക്കലുണ്ടെന്നും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇയാളും പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് അനൂപ് പെൺകുട്ടിയെ ബന്ധപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന് ഇയാളും പെൺകുട്ടിയെ പീഡിപ്പിച്ചു.
ഇതോടെ മാനസികമായി തകർന്ന പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് വനിതാ കമ്മിഷനെ സമീപിച്ചു. കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യാൻ മാറത്തഹള്ളി പോലീസിനു കമ്മിഷൻ നിർദേശം നൽകുകയായിരുന്നു.
SUMMARY: Two lecturers among three arrested for rape of student of Moodabidri college in Bengaluru.